
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അതിന് മുമ്പും താൻ സ്വീകരിച്ച നിലപാടുകൾ നടപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 47-മത് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുടിയേറ്റവും ലിംഗസ്വത്വവും ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ തന്റെ നിലപാടുകളാണ് ഇനി അമേരിക്കയുടെ നയമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ യുഎസ്-മെക്സിക്കോ അതിർത്തിയിൽ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അനധികൃത കുടിയേറ്റം തടയുമെന്ന് ട്രംപ് തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ വ്യക്തമാക്കി. യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയ കുറ്റവാളികളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യുഎസിൽ ഇനി സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടാകു എന്നായിരുന്നു ലിംഗസ്വത്വം സംബന്ധിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. മറ്റ് ലിംഗങ്ങൾക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ ഈ തീരുമാനം വിവാദമാകുമെന്ന് ഉറപ്പാണ്.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളികൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്വിങ് സ്റ്റേറ്റുകളിൽ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കും. ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കും. ഇത് ലോകത്താകമാനം കയറ്റുമതി ചെയ്യുമെന്നും ട്രംപ് പറഞ്ഞു.











