09:23am 06 September 2026
NEWS
'ട്രംപ് ഗാസ'യുടെ വീഡിയോ പുറത്തുവിട്ട് ഡൊണാൾ‍ഡ് ട്രംപ്
26/02/2025  05:28 PM IST
nila
ട്രംപ് ഗാസയുടെ വീഡിയോ പുറത്തുവിട്ട് ഡൊണാൾ‍ഡ് ട്രംപ്

​ഗാസയിൽ നിന്നും പലസ്തീനികൾ ഒഴിഞ്ഞു പോകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന സൂചനയുമായി ട്രംപ് പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. 'ട്രംപ് ഗാസ'എന്ന പേരിൽ പുറത്തുവിട്ട വീഡിയോയിൽ പുനർനിർമ്മിച്ച ​ഗാസയാണ് ചിത്രീകരിച്ചിരിക്കുന്നത്. 

33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ കുട്ടികൾ ഓടുന്നതിന്റെ ദൃശ്യത്തോടെ തുടങ്ങുന്ന വീഡിയോയിൽ ഗാസയിൽ അടുത്തതെന്ത് എന്ന ചോദ്യത്തോടെയാണ് ട്രംപിന്റെ സ്വപ്‌ന പദ്ധതി എ.ഐയിൽ അവതരിപ്പിച്ചിട്ടുള്ളത്. പണം വിതറിയും ഭക്ഷണം കഴിച്ചും ഇലോൺ മസ്‌ക് പലതവണ വീഡിയോയിൽ മുഖം കാണിക്കുന്നുണ്ട്. 'ഡൊണാൾഡ് നിങ്ങളെ മോചിപ്പിക്കാൻ വരുന്നു, എല്ലാവർക്കും കാണാനുള്ള വെളിച്ചം നൽകുന്നു, ഇനി ഭയവുമില്ല, തുരങ്കങ്ങളുമില്ല ട്രംപിന്റെ ഗാസ ഒടുവിൽ ഇവിടെ എത്തി' തുടങ്ങിയ വരികളാണ് ഈ എഐ ഗാനത്തിലുള്ളത്. ട്രംപ് ഗാസ നമ്പർ വൺ എന്ന വരികളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

അംബരചുംബികളായ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട നഗരമാണ് വീഡിയോയിൽ കാണിക്കുന്നത്, ​ന​ഗരമധ്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ കൂറ്റൻ സ്വർണ്ണ പ്രതിമ. തെരുവുകളിലെ കടകളിൽ അടക്കിവെച്ചിരിക്കുന്ന ട്രംപിന്റെ ചെറിയ സ്വർണ്ണപ്രതികളും വീഡിയോയിൽ കാണാം. കടൽതീരത്ത് ടൂറിസ്റ്റുകൾക്കിടയിൽ പണം വാരിവിതറിയും ഭക്ഷണം കഴിച്ചും ഇലോൺ മസ്‌കുമുണ്ട്. നിശാപാർട്ടിയിലെ സുന്ദരികൾക്കൊപ്പം നിൽക്കുന്ന ട്രംപിനെയും വീഡിയോയിൽ കാണാം. മറ്റൊരു ഘട്ടത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹുവിനൊപ്പം വെയിൽ കാഞ്ഞ് ശീതളപാനീയം ആസ്വദിക്കുന്നു.

'ട്രംപ് ഗാസ' എന്ന പേരിൽ പൂർണ്ണായും നിർമിത ബുദ്ധിയിൽ ചിത്രീകരിച്ച വീഡിയോ തന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img