
പുരുഷന് വിജയിക്കാനുള്ള ഒരു സാധ്യത പോലും നൽകാത്തവരാണ് സ്ത്രീകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുദ്ധിശക്തിയിൽ പുരുഷനെക്കാൾ ഒരുപാട് മുന്നിലാണ് സ്ത്രീയെന്നും ട്രംപ് വ്യക്തമാക്കി. ന്യൂജേഴ്‌സിയിലെ താൽക്കാലിക യുഎസ് അറ്റോർണിയായി അലീന ഹബ്ബ സ്ഥാനമേൽക്കുന്ന ചടങ്ങിലാണ് ട്രംപ് സ്ത്രീയെ നിർവചിച്ചത്. സ്ത്രീയെ നിർവചിക്കാമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് സ്ത്രീയെ നിർവചിച്ചിരിക്കുന്നത്.
എന്താണ് സ്ത്രീ?, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്? എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരുൾപ്പെടെ ട്രംപ് ഭരണകൂടത്തിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ നിയമിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവർത്തകൻ ഈ ചോദ്യം ഉന്നയിച്ചത്.
‘‘കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്ന ഒരാളാണ് സ്ത്രീ. സ്ത്രീക്ക് തുല്യതയുണ്ട്. പുരുഷനേക്കാൾ വളരെ ബുദ്ധിശാലിയായ ആളുകളാണ് സ്ത്രീകൾ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. പുരുഷന് വിജയിക്കാനുള്ള ഒരു സാധ്യത പോലും നൽകാത്ത ആളുകളാണ് സ്ത്രീകൾ’’ – ട്രംപ് പറഞ്ഞു.
പല സാഹചര്യങ്ങളിലും സ്ത്രീകളോട് അന്യായമായാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ വനിതകളുടെ കായിക മത്സരങ്ങളിൽ പുരുഷന്മാർക്ക് പങ്കെടുക്കാം എന്ന ആശയം പരിഹാസ്യം മാത്രമല്ല, അങ്ങേയറ്റം അന്യായവുമാണ്. ഇത് സ്ത്രീകളെ അനാദരിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ്’’ – വനിത കായിക മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുക്കുന്നതിനെ വിമർശിച്ച് ട്രംപ് പറഞ്ഞു.











