
വാഷിംങ്ടൺ: തന്റെ സമാധാന നിർദ്ദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്ന് ഹമാസിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതികളിൽ ചില നിബന്ധനകൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമാധാന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടത്. വൈകിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹമാസ് ഉടൻ തന്നെ നടപടികൾ വേഗത്തിലാക്കണം. കാലതാമസം താൻ അനുവദിക്കില്ല. വൈകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് കുറിച്ചു. ബന്ദികളുടെ കൈമാറ്റത്തിനും സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസയിൽ ആക്രമണം നിർത്തിവെച്ച ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞു. 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.











