04:34am 05 September 2026
NEWS
ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കി തുടങ്ങി
25/01/2025  03:51 PM IST
nila
ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കി തുടങ്ങി

അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപടികൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. കുടിയേറ്റക്കാരെ രാജ്യത്തു നിന്നും കയറ്റിവിടാൻ ആവശ്യമായ വിമാനങ്ങൾ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പറഞ്ഞു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് അഥവാ ഐസിഇ വിമാനങ്ങളുടെ അഭാവം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വെല്ലുവിളി സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ വർഷം ഏജൻസി ചാർട്ടർ വിമാനങ്ങളിൽ നൂറുകണക്കിനുപേരെ അമേരിക്കയിൽ നിന്നും നാടുകടത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ സൈനിക വിമാനങ്ങളിൽ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുൻ പ്രസിഡന്റ് ജോ ബൈഡൻ സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ഉപയോ​ഗിച്ചിരുന്നില്ല. സൈനികരെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്ന സൈനിക വിമാനങ്ങളായ സി -17 ലേക്ക് കുടിയേറ്റക്കാരെ അധികാരികൾ നയിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ട്രംപ് ഭരണകൂടം പുറത്തുവിട്ടിരുന്നു.

നാടുകടത്തുന്നതിനായി സൈനിക വിമാനങ്ങളിൽ കയറുന്ന കൈവിലങ്ങണിഞ്ഞ അനധികൃത കുടിയേറ്റക്കാരുടെ ചിത്രങ്ങൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പുറത്തുവിട്ടു. 'നാടുകടത്തൽ വിമാനങ്ങൾ ആരംഭിച്ചു. പ്രസിഡൻ്റ് ട്രംപ് ലോകമെമ്പാടും ശക്തവും വ്യക്തവുമായ സന്ദേശമാണ് അയയ്ക്കുന്നത്: നിങ്ങൾ അനധികൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ പ്രവേശിച്ചാൽ, നിങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,' അവർ ട്വീറ്റ് ചെയ്തു. അതേസമയം, ഐസിഇ ഇതുവരെ 1,300 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img