
വാഷിങ്ടൺ: ഇറാൻ മരിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പരാമർശം. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ മരിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനം.
‘ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാർട്ടിയാണ്. ഇക്കാര്യത്തിലുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
അതിനിടെ അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമുസിന്റെ തെക്കൻ തീരത്തുവച്ചാണ് വ്യോമ പ്രതിരോധ സംവിധാനം വിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ അമേരിക്കയോ ഗൾഫ് രാജ്യങ്ങളോ പ്രതികരിച്ചിട്ടില്ല.
നേരത്തെ അമേരിക്കയുടെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. അമേരിക്കയുടെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് അമേരിക്ക സ്ഥിരീകരിച്ചിരുന്നു.











