
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും സൈനിക നീക്കം നടത്തി അമേരിക്ക. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം ലക്ഷ്യമിട്ട് പരിമിതമായ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ആക്രമണത്തെ ചെറുതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഖ്വേഷം ദ്വീപിലെ സൂസ മേഖലയിൽ രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാൻ നിർമിച്ചുകൊണ്ടിരുന്ന വ്യോമപ്രതിരോധ സംവിധാനം തകർത്തതായാണ് ട്രംപിന്റെ അവകാശവാദം. "അവർ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിക്കുകയായിരുന്നു. വെറും 15 മിനിറ്റിനുള്ളിൽ ഞങ്ങൾ അത് തകർത്തു. ഒരുപക്ഷേ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അതു സാധിക്കുമായിരുന്നു" എന്നാണ് മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറാനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ആദ്യ സൈനിക നീക്കമാണിത്. തിങ്കളാഴ്ചയും യുഎസ് സൈന്യം ഇറാനിൽ ആക്രമണം നടത്തിയിരുന്നു. അന്ന് ഹോർമുസ് കടലിടുക്കിലെ ഖ്വേഷം, ഹെൻഗാം ദ്വീപുകളിലും സമീപത്തെ ബന്ദർ അബ്ബാസിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച സമയത്തെ ഇറാനല്ല ഇപ്പോഴുള്ളതെന്നും തങ്ങളെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ അതിരുകൾ കണക്കിലെടുക്കാതെ തിരിച്ചടിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തിരിച്ചടി മേഖലയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി. ആവശ്യമായിവന്നാൽ അതിർത്തികൾക്കപ്പുറത്തുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.










