
പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സഹായിക്കാമെന്ന വ്യാപാര കരാറിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവിയിൽ പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകൾക്കകമാണ് ട്രംപ് പാകിസ്ഥാനുമായുള്ള പുതിയ കരാർ സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യക്ക് വലിയ തിരിച്ചടിയായേക്കാവുന്ന നീക്കമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാനുമായി തങ്ങൾ ഒരു കരാറിലേർപ്പെട്ടിട്ടുണ്ടെന്നും അതുപ്രകാരം ഇരുരാജ്യങ്ങളും ചേർന്ന് പാകിസ്ഥാന്റെ എണ്ണ ശേഖരം വർധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രസ്താവന. ഒരുപക്ഷേ, ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കുന്ന സാഹചര്യമുണ്ടാവാനിടയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ്-പാകിസ്ഥാൻ ഊർജ പങ്കാളിത്തത്തിന് നേതൃത്വം നൽകാൻ ഒരു എണ്ണ കമ്പനിയെ ഭരണകൂടം നിലവിൽ തിരഞ്ഞെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.











