06:04pm 18 April 2026
NEWS
യുഎസ് ഓപ്പണിൽ കിരീടം നേടി കാർലോസ് അൽകാരസ്
08/09/2025  06:32 AM IST
nila
യുഎസ് ഓപ്പണിൽ കിരീടം നേടി കാർലോസ് അൽകാരസ്

യുഎസ് ഓപ്പണിൽ ഇറ്റലിയുടെ ജാനിക് സിന്നറെ പരാജയപ്പെടുത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് കിരീടം നേടി. സ്കോർ:  6-2, 3-6, 6-1, 6-4. ഇരുവരും നേരിട്ട് ഏറ്രുമുട്ടിയ മൂന്നാമത്തെ ഗ്രാൻഡ് സ്ലാം ഫൈനൽ പോരാട്ടമായിരുന്നു ഇത്. വിംബിൾഡണിലും ഫ്രഞ്ച് ഓപ്പണിലുമാണ് നേരത്തേ ഇരുവരും ഏറ്റുമുട്ടിയത്. ഫ്രഞ്ച് ഓപ്പണിൽ കാർലോസ് അൽകാരസും വിംബിൾഡണിൽ  ജാനിക് സിന്നറുമായിരുന്നു ജേതാക്കൾ.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ രണ്ടാം നമ്പർ താരം അൽകാരസ് മികച്ച പ്രകടനം കാഴ്ചവച്ചു. നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ സിന്നറിന് അൽകാരസിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ സെറ്റിൽ അൽകാരസ് 1–3ന് മുന്നിലെത്തിയിരുന്നു. ഇടയ്ക്ക് സിന്നർ 2–3 എന്ന നിലയിൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. അൽകാരസ് തുടർച്ചയായി സമ്മർദം ചെലുത്തിയതോടെ ഇറ്റാലിയൻ താരം പതറി. 2–5ന് അൽകാരസ് മുന്നിലെത്തിയതോടെ സിന്നർ ആദ്യ സെറ്റ് ഏറക്കുറെ കൈവിട്ട അവസ്ഥയിലായി. 39 മിനിറ്റ് നീണ്ട ആദ്യ സെറ്റ് അൽകാരസ് 2–6ന് സ്വന്തമാക്കി.

എന്നാൽ രണ്ടാം സെറ്റിൽ കളി മാറി. തുടക്കം മുതൽ പോയിന്റ് സ്വന്തമാക്കിയ സിന്നർ അൽകാരസിന് കടുത്ത വെല്ലുവിളിയുയർത്തി. 4–1ന് ലോക ഒന്നാം നമ്പർ താരം സിന്നർ മുന്നിലെത്തിയതോടെ, സെന്റർ കോർട്ടിലെ പോരാട്ടത്തിനു ചൂടേറി. ഒടുവിൽ രണ്ടാം സെറ്റ് 6–3ന് സിന്നർ‍ വിജയിച്ചു. ടൂർണമെന്റിൽ അൽകാരസ് കൈവിടുന്ന ആദ്യ സെറ്റ് കൂടിയാണിത്. ആദ്യ റൗണ്ട് മുതൽ ഫൈനൽ വരെ മൂന്നു സെറ്റുകളും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരുന്ന അൽകാരസിന് ഫൈനലിൽ നിലവിലെ ചാംപ്യനെതിരെ രണ്ടാം സെറ്റിൽ കാലിടറി.

മൂന്നാം സെറ്റിന്റെ തുടക്കം മുതൽ അൽകാരസിന് അനുകൂലമായിരുന്നു കാര്യങ്ങൾ. സ്പാനിഷ് താരം 0–5ന് മുന്നിലെത്തി. ഒടുവിൽ 1–6ന് സെറ്റ് അൽകാരസ് വിജയിച്ചു. മൂന്നാം സെറ്റ് പിടിച്ചെടുക്കാൻ സ്പാനിഷ് താരത്തിന് വെറും 29 മിനിറ്റ് മാത്രമാണു വേണ്ടിവന്നത്. സീസണിലെ രണ്ടാം ഗ്രാൻഡ്‍സ്‍ലാം വിജയത്തിന് ഒരു സെറ്റ് കൂടി മതിയെന്നിരിക്കെ നാലാം സെറ്റിൽ‌ 0–1ന് മുന്നിലെത്താൻ അൽകാരസിനു സാധിച്ചു. എന്നാൽ നാലാം സെറ്റിലെ പോരാട്ടം 2–2 എന്ന നിലയിലാക്കി സിന്നറും തിരിച്ചടിച്ചു. വൈകാതെ അൽകാരസ് മേൽക്കൈ തിരിച്ചുപിടിച്ചു. 4–6ന് നാലാം സെറ്റ് സ്വന്തമാക്കി അൽകാരസ്, നിലവിലെ ചാംപ്യനെ തോൽപിച്ച് സീസണിലെ രണ്ടാം ഗ്രാൻഡ്സ്‍ലാം കിരീടം വിജയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img