11:59am 29 October 2026
NEWS
ദക്ഷിണ ചൈനാ കടലിൽ അമേരിക്കൻ നാവികസേനാ വിമാനങ്ങൾ തകർന്നു വീണു
27/10/2025  02:27 PM IST
nila
ദക്ഷിണ ചൈനാ കടലിൽ അമേരിക്കൻ നാവികസേനാ വിമാനങ്ങൾ തകർന്നു വീണു

വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ രണ്ട് വിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ തകർന്നു വീണതായി റിപ്പോർട്ടുകൾ. നിരീക്ഷണ ദൗത്യത്തിനിടെ യുദ്ധവിമാനമായ എഫ്എ–18എഫ് സൂപ്പർ ഹോണറ്റും  ഹെലികോപ്റ്ററായ എംഎച്ച്–60ആർയും അപകടത്തിൽപ്പെട്ടു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആളപായമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് ആദ്യം തകർന്നുവീണത്. ഇതിലുണ്ടായിരുന്ന മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തി. ഏകദേശം 30 മിനിറ്റുകൾക്കുശേഷം അതേ കപ്പലിൽ നിന്നു പറന്നുയർന്ന സൂപ്പർ ഹോണറ്റ് യുദ്ധവിമാനവും സമാനമായ രീതിയിൽ കടലിൽ പതിച്ചു. രണ്ട് സംഭവങ്ങളുടെയും കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഏകദേശം 528 കോടി രൂപ വിലയുള്ള എഫ്എ–18എഫ് സൂപ്പർ ഹോണറ്റ് അമേരിക്കൻ സേനയിലെ പ്രധാന യുദ്ധവിമാനങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാനവാഹിനികളിലൊന്നായ യുഎസ്എസ് നിമിറ്റ്സ് അടുത്തവർഷം സർവീസിൽനിന്ന് പിന്മാറാനിരിക്കുകയാണ്.

സംഭവസമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ത്രിരാഷ്ട്ര സന്ദർശനത്തിലാണ്. തായ്‌ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സമാധാനകരാറിന്റെ സാക്ഷിയായി ട്രംപ് കഴിഞ്ഞ ദിവസം പങ്കെടുത്തു. മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത പരിപാടി. ജപ്പാനും ദക്ഷിണകൊറിയയും സന്ദർശിച്ചശേഷം ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനിടയുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img