
മനില: ദേശീയ പതാകയോടുള്ള ആദരവ് പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയ്ക്കായി തറയിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ പതാകയുടെ അടയാളം ശ്രദ്ധയിൽപ്പെട്ടതോടെ മോദി അത് എടുത്ത് പോക്കറ്റിൽ സൂക്ഷിച്ചു. ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ചൊവ്വാഴ്ച മനിലയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ക്വാഡ് നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയ്ക്കായി ഓരോരുത്തരും നിൽക്കേണ്ട സ്ഥാനങ്ങൾ അടയാളപ്പെടുത്താൻ തറയിൽ ചെറിയ ചതുരാകൃതിയിലുള്ള പതാകകൾ പതിച്ച കാർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ പതാക പതിച്ച കാർഡ് മോദിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അത് കുനിഞ്ഞെടുത്ത് പോക്കറ്റിലിടുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ ദേശീയ പതാകയോടുള്ള ആദരവിന്റെ അടയാളമായി നിരവധി പേർ വിശേഷിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി, ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചി എന്നിവരും ഫോട്ടോ സെഷനിൽ പങ്കെടുത്തിരുന്നു. ഇവരുടെ രാജ്യങ്ങളുടെ പതാകകൾ പതിച്ച അടയാളങ്ങളും നിലത്ത് സ്ഥാപിച്ചിരുന്നു.
അതേസമയം, കൂടിക്കാഴ്ചയ്ക്കിടെ മോദിയെ പ്രശംസിച്ച് ട്രംപ് രംഗത്തെത്തി. മോദി കഠിനാധ്വാനിയും ശക്തനായ നേതാവുമാണെന്നും ലോകമെമ്പാടും അദ്ദേഹത്തിന് ബഹുമാനമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി അമേരിക്കയ്ക്ക് മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ട്രംപ് മറുപടി നൽകുന്നതിനിടെ 'നമുക്ക് പോകേണ്ടേ?' എന്ന് മോദി ചോദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്വാഡ് കൂട്ടായ്മയെ വിശ്വസനീയമായ പങ്കാളിത്തത്തിനുള്ള വേദിയായാണ് മോദി വിശേഷിപ്പിച്ചത്. ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും വ്യാപാരം, സംസ്കാരം, സമുദ്രസുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച നടക്കുന്നത്. 2024 സെപ്റ്റംബറിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഡെലവെയറിലായിരുന്നു അവസാന യോഗം. ആസിയാൻ–ഇന്ത്യ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയിലും മോദി പങ്കെടുക്കുന്നുണ്ട്.
#WATCH | Manila, Philippines | PM Narendra Modi picks up the Indian flag used as the spot marker as QUAD leaders arrive for the meeting. US President Donald Trump says, "Save it (the flag) (Video Source: The White House) https://t.co/rBMUmghSIY
— ANI (@ANI) November 17, 2026










