
ദോഹ: പേർഷ്യൻ കടലിടുക്കിന് സമീപം യുഎസിന്റെ സൈനിക വിമാനം കാണാതായെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ബോയിങ് കെ.സി.–135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് കാണാതായത്. യുഎസിന്റെ ‘പറക്കും ഗ്യാസ് ടാങ്കർ’ എന്നറിയപ്പെടുന്ന വിമാനമാണ് ബോയിങ് കെ.സി.–135 സ്ട്രാറ്റോ ടാങ്കർ. ഖത്തറിന് മുകളിൽവച്ചാണ് ഇന്ധന വിതരണ സൈനിക വിമാനത്തിന്റെ സിഗ്നൽ നഷ്ടമായത്. അപകടാവസ്ഥ സൂചിപ്പിക്കുന്ന ‘7700’ ട്രാൻസ്പോണ്ടർ കോഡ് വിമാനം പുറപ്പെടുവിച്ചിരുന്നുവെന്ന് വിമാന നിരീക്ഷണ പ്ലാറ്റ്ഫോമായ ഫ്ലൈറ്റ്റഡാർ 24 റിപ്പോർട്ട് ചെയ്തു. സാധാരണയായി സാങ്കേതിക തകരാർ, ആരോഗ്യ അടിയന്തരാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ സിഗ്നൽ നൽകുന്നത്.
യുഎഇയിലെ അൽ ദഫ്റ വ്യോമതാവളത്തിൽനിന്ന് പുറപ്പെട്ട വിമാനം ലാൻഡിങ്ങിന് മുമ്പ് ചില സമയം വട്ടമിട്ട് പറന്നതായും ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു. വിമാനത്തിന് നേരെ ആക്രമണമുണ്ടായോയെന്ന കാര്യത്തിൽ ഇതുവരെ യുഎസോ ഇറാനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനെ ലക്ഷ്യമിട്ടുള്ള മറ്റൊരു ആക്രമണവും റിപ്പോർട്ട് ചെയ്തു. അജ്ഞാത വസ്തു ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. മേഖലയിലെ സുരക്ഷാ ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
അതിനിടെ, യുഎഇയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊന്നും യുഎഇക്കെതിരെ യാതൊരു വ്യോമാക്രമണവും നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ, ഇറാനിൽനിന്നുള്ള ഭീഷണി നേരിട്ടതായി യുഎഇ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മിസൈൽ ആക്രമണ മുന്നറിയിപ്പുകൾ രാജ്യത്തെ മൊബൈൽ ഫോണുകളിൽ ലഭിച്ചതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമായിരുന്നുവെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.










