10:45am 28 October 2026
NEWS
ഇറാനെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ അമേരിക്കൻ നീക്കം
30/04/2026  05:13 PM IST
NILA
 ഇറാനെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ അമേരിക്കൻ നീക്കം

 


ഇറാനെതിരായ സൈനിക സമ്മർദ്ദം ശക്തമാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ നിലച്ച പശ്ചാത്തലത്തിൽ, പുതിയ സൈനിക നീക്കങ്ങൾ സംബന്ധിച്ച് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വെള്ളിയാഴ്ച ട്രംപിനോട് വിവരിക്കുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. 

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്താൻ കഴിയുന്ന പദ്ധതികളാണ് യുഎസ് സെൻട്രൽ കമാൻഡ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ശുദ്ധീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ വിന്യസിക്കുന്നതും, ഹോർമുസ് കടലിടുക്കിന്റെ ചില ഭാഗങ്ങൾ നിയന്ത്രണത്തിലാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന.
ഇറാനെ വീണ്ടും ചർച്ചക്ക് പ്രേരിപ്പിക്കാൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ സാധ്യതകളാണ് അമേരിക്ക പരിശോധിക്കുന്നത്. ഇതിന് പുറമെ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പൽ ഗതാഗതത്തിനായി തുറന്ന് നൽകുന്നതിനായി പ്രത്യേക സൈനിക നടപടി സ്വീകരിക്കാനുള്ള നിർദേശവും ട്രംപിന് മുന്നിലെത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആവശ്യമെങ്കിൽ കരസേനയേയും ഈ നീക്കത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

നിലവിൽ തുടരുന്ന നാവിക ഉപരോധം തുടരാനാണ് ട്രംപിന്റെ താൽപര്യമെന്നും അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഉപരോധം ഇറാനിൽ ശക്തമായ സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നാണ് യുഎസിന്റെ വിലയിരുത്തൽ. അതേസമയം, ഉപരോധം അവസാനിപ്പിച്ച് ഹോർമുസ് കടലിടുക്ക് തുറന്നാൽ യുദ്ധാവസ്ഥ ഒഴിവാക്കാമെന്ന നിർദേശം ഇറാൻ മുന്നോട്ടുവച്ചിരുന്നുവെന്നാണ് വിവരം. ആണവ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന നിലപാടും ഇറാൻ സ്വീകരിച്ചിരുന്നു. എന്നാൽ ഈ നിർദേശം അമേരിക്കയും ട്രംപും തള്ളിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം സൈനിക നടപടിയിലേക്ക് നീങ്ങാൻ അമേരിക്ക സാധ്യത പരിശോധിക്കുകയാണെന്നും, മറുപടിയായി ഇറാനും സൈനിക നീക്കങ്ങൾ ശക്തമാക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img