01:04pm 04 November 2026
NEWS
ട്രംപിന് കനത്ത തിരിച്ചടി; യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ; റിപ്പബ്ലിക്കൻ കോട്ടകളിലും അട്ടിമറി
04/11/2026  11:05 AM IST
nila
ട്രംപിന് കനത്ത തിരിച്ചടി; യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ; റിപ്പബ്ലിക്കൻ കോട്ടകളിലും അട്ടിമറി

വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ മുന്നേറ്റം തുടരുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽപ്പോലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി.

സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 53 സീറ്റുകളിലും റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ 44 സീറ്റുകളിലും മുന്നിലാണ്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ 155 സീറ്റുകളിലും റിപ്പബ്ലിക്കൻ പാർട്ടി 101 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ കൻസസിൽ 1932നു ശേഷം ആദ്യമായി ഡെമോക്രാറ്റ് സ്ഥാനാർഥി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. ഡെമോക്രാറ്റ് സ്ഥാനാർഥി പാസ്റ്റർ ആദം ഹാമിൽട്ടൺ നിലവിലെ സെനറ്ററും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ റോജർ മാർഷലിനെയാണ് പരാജയപ്പെടുത്തിയത്. 83 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഹാമിൽട്ടന് 53 ശതമാനവും മാർഷലിന് 44 ശതമാനവും വോട്ടുകൾ ലഭിച്ചു.

നോർത്ത് കരോലൈനയിലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടി. സെനറ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ട്‌ലിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാർഥി റോയ് കൂപ്പർ വിജയിച്ചു. ഒഹായോ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ മുന്നേറ്റം തുടരുകയാണ്.

ഇന്ത്യൻ വംശജർക്കും നേട്ടവും തിരിച്ചടിയും

തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ സ്ഥാനാർഥികളുടെ പ്രകടനവും ശ്രദ്ധേയമായി. ഫ്ലോറിഡയിൽനിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാർഥി പിയ ദണ്ഡിയ വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി കേസി അസ്കറിനെയാണ് അവർ പരാജയപ്പെടുത്തിയത്.

വെർജീനിയയിൽനിന്ന് മത്സരിച്ച ഇന്ത്യൻ വംശജൻ സുഹാസ് സുബ്രഹ്മണ്യവും വീണ്ടും ജനപ്രതിനിധി സഭയിലെത്തി. 1,73,106 വോട്ടുകൾ നേടിയ സുബ്രഹ്മണ്യം റിപ്പബ്ലിക്കൻ എതിരാളിയെ 94,990 വോട്ടുകളിൽ ഒതുക്കി.

അതേസമയം, ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിക്ക് തിരിച്ചടിയേറ്റു. ഡെമോക്രാറ്റ് സ്ഥാനാർഥി ആമി ആക്റ്റനാണ് ഇവിടെ വിജയിച്ചത്. റോ ഖന്ന, അമി ബേര, പ്രമീള ജയപാൽ തുടങ്ങിയ ഇന്ത്യൻ വംശജരായ പ്രമുഖരും തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നു.

'ഞാൻ മത്സരിച്ചിരുന്നെങ്കിൽ വമ്പൻ വിജയം'; ട്രംപിന്റെ പ്രതികരണം

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടെ ആദ്യ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. താൻ മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വമ്പൻ വിജയം നേടുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

'ഞാൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല. അങ്ങനെ മത്സരിച്ചിരുന്നെങ്കിൽ ഞങ്ങൾ വിജയിക്കുമായിരുന്നു' എന്നായിരുന്നു ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ പ്രതികരണം.

അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രയേലിലേക്ക് താമസം മാറി അവിടെ പ്രധാനമന്ത്രിയാകുമെന്നും ട്രംപ് തമാശയായി പ്രതികരിച്ചിരുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാൻ യുദ്ധവും ജീവിതച്ചെലവും തിരിച്ചടിക്ക് കാരണമായോ?

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇറാനെതിരായ യുഎസ് സൈനിക നടപടി, ജീവിതച്ചെലവിലെ വർധന, ഇന്ധനവില, തീരുവ നയങ്ങൾ, അഴിമതി തുടങ്ങിയ വിഷയങ്ങൾ വോട്ടർമാരുടെ നിലപാടുകളെ സ്വാധീനിച്ചതായി വിവിധ സർവേകൾ സൂചിപ്പിക്കുന്നു.

അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട തിരഞ്ഞെടുപ്പ് ദിന സർവേ പ്രകാരം, ഇറാനെതിരായ സൈനിക നടപടി തെറ്റായ തീരുമാനമാണെന്ന് പത്തിൽ ആറു വോട്ടർമാരും അഭിപ്രായപ്പെട്ടു. സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുന്നതിൽ ഇറാൻ യുദ്ധം നിർണായക ഘടകമായിരുന്നുവെന്ന് മൂന്നിലൊന്ന് വോട്ടർമാർ വ്യക്തമാക്കി.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയിലും വലിയൊരു വിഭാഗം വോട്ടർമാർ അതൃപ്തി രേഖപ്പെടുത്തി. പത്തിൽ നാലുപേർ സമ്പദ്‌വ്യവസ്ഥയെയാണ് ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാട്ടിയത്. കാലിഫോർണിയ, മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇറാൻ യുദ്ധത്തോടുള്ള അതൃപ്തി കൂടുതൽ പ്രകടമായത്.

ട്രംപിന്റെ ഭരണനയങ്ങൾക്കുമേലുള്ള ഹിതപരിശോധനയായാണ് ഇടക്കാല തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള സാധ്യതയും ശക്തമാണ്.

അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് ആദ്യഫല സൂചനകൾ പുറത്തുവന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽപ്പോലും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img