03:59am 26 May 2026
NEWS
അമേരിക്ക പുറത്തുവിട്ട ഇന്ത്യൻ ഭൂപടം ചൈനക്കും പാകിസ്ഥാനും തിരിച്ചടി
07/02/2026  01:32 PM IST
nila
അമേരിക്ക പുറത്തുവിട്ട ഇന്ത്യൻ ഭൂപടം ചൈനക്കും പാകിസ്ഥാനും തിരിച്ചടി

ന്യൂഡൽഹി: അമേരിക്കയിലെ ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് പുറത്തിറക്കിയ ഭൂപടമാണ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിന്റെ ഭാ​ഗമായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഭൂപടത്തിൽ, പാക് അധിനിവേശ കശ്മീർ ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചൈന അവകാശവാദം ഉന്നയിക്കുന്ന അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഈ നീക്കം ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. മുൻകാലങ്ങളിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഭൂപടങ്ങളിൽ പാകിസ്ഥാന്റെ നിലപാടുകൾ കണക്കിലെടുത്ത് പാക് അധിനിവേശ കശ്മീരിനെ വേർതിരിച്ച് കാണിക്കാറുണ്ടായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഭൂപടം പാകിസ്ഥാന്റെ അവകാശവാദങ്ങളെ പൂർണമായി നിരാകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

2020ൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇന്ത്യ ഈ നീക്കത്തെ രാഷ്ട്രീയ പ്രഹസനമെന്നു വിശേഷിപ്പിക്കുകയും, ഇന്ത്യൻ പ്രദേശങ്ങളിലേക്കുള്ള ഇത്തരം അവകാശവാദങ്ങൾ ശക്തമായി തള്ളിക്കളയുകയും ചെയ്തിരുന്നു.

അതേസമയം, ചൈനയും ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ ചൈന പുറത്തിറക്കിയ പുതുക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശും 1962ലെ യുദ്ധത്തിൽ കൈവശപ്പെടുത്തിയ അക്സായ് ചിന്നും ചൈനയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഈ നടപടികൾ നിലനിൽക്കുന്ന യാഥാർഥ്യങ്ങളിൽ മാറ്റമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ അന്നും ശക്തമായി പ്രതികരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img