
ആകാശത്തുവെച്ച് വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം. ചെറിയ ട്രോപ്പിക് എയർ വിമാനം റാഞ്ചാൻ ശ്രമിച്ച അമേരിക്കൻ പൗരനാണ് കൊല്ലപ്പെട്ടത്. സാൻ പെഡ്രോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അകിന്യേല സാവ ടെയ്‌ലർ എന്നയാൾ റാഞ്ചാൻ ശ്രമിച്ചത്.
49കാരനായ അകിന്യേല സാവ ടെയ്‌ലർ യാത്രയ്ക്കിടെ കത്തി പുറത്തെടുത്ത് യാത്രക്കാരെ ആക്രമിക്കാൻ തുടങ്ങി. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതോടെയാണ് അതേ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ ടെയ്‍ലറെ വെടിവച്ച് കൊന്നത്.
വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്. ഇയാൾ എന്തിനാണ് വിമാനം റാഞ്ചാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരണം തേടി ബെലീസിയൻ ഉദ്യോഗസ്ഥർ യുഎസ് എംബസിയെ സമീപിച്ചു. ടെയ്‌ലറിന് വിമാനത്തിനുള്ളിൽ കത്തി എങ്ങനെ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് വ്യക്തമല്ല.











