
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക. ചെങ്കടലിൽ അമേരിക്കൻ യുദ്ധ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഹൂതികൾക്കെതിരെ അമേരിക്ക ആക്രമണം ആരംഭിച്ചത്. സനയിലെ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് റിപ്പോർട്ട്. അതേസമയം, ഹൂതികളെ ഇല്ലാതാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ഹൂതികളെ കാത്തിരിക്കുന്നത് ദുരന്തമാണെന്നും ട്രംപ് വ്യക്തമാക്കി. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ട്രംപ് ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.