
സാൻ ഫ്രാൻസിസ്‌കോ: ചെലവ് കുറക്കലിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. പ്രൊബേഷണറി ഫെഡറൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തടഞ്ഞ് വടക്കൻ കാലിഫോർണിയയിലെ ഫെഡറൽ കോടതി ഉത്തരവിട്ടു. ട്രംപ് ഭരണകൂടത്തിന്റെ കൂട്ട പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് ജഡ്ജി വില്യം അൽസുപ്പിന്റെ വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാനും ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിനോട് കോടതി നിർദ്ദേശിച്ചു. ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്മെന്റ് പരിധിവിട്ട് പ്രവർത്തിച്ചുവെന്നും ജഡ്ജി കൂട്ടിച്ചേർത്തു. സാധാരണയായി ഒരു വർഷത്തിൽ താഴെ പരിചയമുള്ള പ്രൊബേഷണറി ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ പുറത്താക്കാൻ ഫെഡറൽ ഏജൻസികളോട് ഉത്തരവിടാൻ യുഎസ് ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റിന് അധികാരമില്ലെന്ന് സാൻ ഫ്രാൻസിസ്‌കോ ജില്ലാ ജഡ്ജി വ്യക്തമാക്കുകയുണ്ടായി.











