
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി. ചൊവ്വാഴ്ചയാണ് അവരെ വിട്ടയച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അതേസമയം, നിലവിൽ അവർ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്ന കിറ്റിൽസൺ, ഇറാഖ് വിടുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് മോചിതയായത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെന്നാണ് സായുധ സേനാ സുരക്ഷാ വക്താവ് വിശദമാക്കിയത്.
കിറ്റിൽസണെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ഇറാഖ് സുരക്ഷാസേന പ്രതികളെ പിന്തുടർന്നിരുന്നു. ഈ പിന്തുടരലിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും, ഒരാളെ സുരക്ഷാസേന അറസ്റ്റ് ചെയ്യുകയും ചെയ്തതായി സർക്കാർ അറിയിച്ചു.
വിദേശികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിരുന്നു. റോമിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി കിറ്റിൽസൺ അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ തുടങ്ങിയ യുദ്ധബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി യുദ്ധം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ, നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











