
ടെഹ്റാൻ: ഇറാൻ തീരത്തിന് സമീപത്തുകൂടി കടന്നുപോയ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച രാവിലെ 7.55 ഓടെയാണ് ചരക്കുകപ്പലിനു നേരേ ഇറാൻ ആക്രമണം നടത്തിയത്. ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്കു കപ്പലിനു നേരെ വെടിയുതിർക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. വെടിവയ്പ്പിൽ കപ്പലിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. തീപിടുത്തമോ പരിസ്ഥിതി മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട കപ്പലിന്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കാത്ത പക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇതിനിടെ, കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്കും സമാനമായ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യൻ പതാകയുമായി സഞ്ചരിച്ച കപ്പലുകളെ തടഞ്ഞ് വെടിവെച്ച സംഭവത്തിൽ നയതന്ത്ര തലത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.










