12:27am 29 October 2026
NEWS
ഇറാൻ - അമേരിക്ക സംഘർഷം യുദ്ധത്തിലേക്കോ?
22/01/2026  06:24 AM IST
nila
ഇറാൻ - അമേരിക്ക സംഘർഷം യുദ്ധത്തിലേക്കോ?

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക - ഇറാൻ വാക് പോര് കടുത്തതോടെ, സൈനിക നീക്കങ്ങളും ഭീഷണികളും ഒരേ സമയം ശക്തമാകുകയാണ്. പസിഫിക് സമുദ്രമേഖലയിൽ നിന്നുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ ഈ ആശങ്ക വർധിപ്പിക്കുന്നു.

സൗത്ത് ചൈന കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന പോർവിമാന വാഹിനിയടക്കമുള്ള യുദ്ധക്കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയിലേക്ക് പ്രവേശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ഉയർത്തിയത്. ജൂണിലെ ആക്രമണ സമയത്ത് ഇറാൻ സഹനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും, ഇനി സമാന സാഹചര്യം ആവർത്തിച്ചാൽ മുഴുവൻ കരുത്തോടെയും തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ പ്രക്ഷോഭം 72 മണിക്കൂറിലൊതുങ്ങിയതായും പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിച്ചത് സായുധ സംഘങ്ങളാണെന്നും അദ്ദേഹം വോൾ സ്ട്രീറ്റ് ജേർണലിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ലോക സാമ്പത്തിക ഫോറത്തിലേക്കുള്ള ഇറാന്റെ ക്ഷണം റദ്ദാക്കപ്പെട്ടത്.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാൽ അത് പൂർണയുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നൽകുന്നു. ഖമനയിക്കെതിരെ കൈ നീട്ടുന്നവരുടെ ലോകം ചുട്ടുചാമ്പലാക്കുമെന്നായിരുന്നു ഇറാൻ സായുധസേനയുടെ വക്താവ് പ്രതികരിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളും തീയിൽ എണ്ണയൊഴിക്കുന്നതുപോലെയായി. തന്നെ വധിച്ചാൽ ഇറാനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള ഉത്തരവുകൾ നൽകിയിട്ടുണ്ടെന്ന ട്രംപിന്റെ വാക്കുകൾ മേഖലയിൽ ആശങ്ക കൂട്ടി. ഖമനയിയുടെ ഭരണം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആഹ്വാനം നേരത്തേ തന്നെ വിവാദമായിരുന്നു.

ഗൾഫ് രാജ്യങ്ങളുടെ ഇടപെടലോടെ കഴിഞ്ഞയാഴ്ച താൽക്കാലിക ശാന്തത ഉണ്ടായി എന്നിരിക്കെ, പുതിയ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യ വീണ്ടും ഒരു വലിയ ഏറ്റുമുട്ടലിന്റെ വക്കിലാണെന്ന സൂചനയാണ് നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img