
ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നിരുപാധികം കീഴടങ്ങണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയിയെ തൽക്കാലം വധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖമനയിയെ വധിച്ച ശേഷമേ ആക്രമണം അവസാനിക്കൂ എന്ന് ഇസ്രയേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേൽ പങ്കാളിയാകണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാൽ അദ്ദേഹത്തെ തൽക്കാലം വധിക്കില്ല.’ – ട്രംപ് പറഞ്ഞു. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കാനഡയിൽ ജി7 ഉച്ചകോടിയുടെ സമാപനത്തിനു നിൽക്കാതെ ട്രംപ് മടങ്ങിയത് അഭ്യൂഹങ്ങളുയർത്തിയിരുന്നു. വെടിനിർത്തൽ ധാരണയുണ്ടാക്കാനാണു ട്രംപ് വേഗം മടങ്ങിയതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞെങ്കിലും, ട്രംപ് ഇതു നിഷേധിച്ചു. പിന്നാലെയായിരുന്നു ഇറാനെതിരായ പ്രകോപനം നിറഞ്ഞ സമൂഹമാധ്യമ പോസ്റ്റുകൾ.
അതേസമയം, ഇസ്രയേൽ അമേരിക്കയോട് ബംങ്കർ ബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻറെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. ഇതു തകർക്കുന്നതിനായുള്ള ബംങ്കർ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേൽ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകാനായി അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഭരണ നേതൃത്വം അടിയന്തിര യോഗം ചേരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡൻറ് ജെഡി വാൻസ്, പ്രതിരോധ, വിദേശ കാര്യ സെക്രട്ടറിമാർ,ദേശീയ സുരക്ഷാ കൗൺസിൽ, രഹസ്യാന്വേഷണ മേധാവി തുടങ്ങിയവർ പങ്കെടുക്കുന്നു എന്നാണ് വിവരം. അമേരിക്കയുടെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് യോഗം.











