02:40pm 13 June 2026
NEWS
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ: ഖത്തറും സ്വിറ്റ്‌സർലൻഡും കൂടിക്കാഴ്ച നടത്തി
13/06/2026  10:00 AM IST
NILA
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ: ഖത്തറും സ്വിറ്റ്‌സർലൻഡും കൂടിക്കാഴ്ച നടത്തി

 


ദോഹ/​സൂറിച്ച്: അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളും മിഡിൽ ഈസ്റ്റിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി ഖത്തറും സ്വിറ്റ്‌സർലൻഡും. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടന്ന 'മാസ് ഇടിഎച്ച് പീസ് പ്രൊസസ്സ് പോളിസി ഫോറം 2026' (MAS ETH Mediation in Peace Processes Policy Forum) എന്ന രാജ്യാന്തര സമ്മേളനത്തിനിടയിലാണ് ഇരുരാജ്യങ്ങളിലെയും ഉയർന്ന നയതന്ത്ര പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
​ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും സ്വിസ് കോൺഫെഡറേഷന്റെ വിദേശകാര്യ സ്റ്റേറ്റ് സെക്രട്ടറി അലക്സാണ്ടർ ഫാസലും തമ്മിലാണ് ചർച്ചകൾ നടന്നത്.മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും മേഖലയിൽ സുസ്ഥിരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് ഇരുപക്ഷവും വിശദമായി സംസാരിച്ചു. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ പുരോഗമിക്കുന്ന സമാധാന കരാർ ചർച്ചകളെ ഇരുരാജ്യങ്ങളും പോസിറ്റീവായി വിലയിരുത്തി. തർക്കവിഷയങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾ തുടരേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ അടിവരയിട്ടു.
​"മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള എല്ലാ നയതന്ത്ര നീക്കങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. വിയോജിപ്പുകൾ പരിഹരിക്കുന്നതിനും കൂടുതൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും നയതന്ത്രം തന്നെയാണ് ഏറ്റവും ശക്തമായ ആയുധമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി
ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിപറഞ്ഞു.കൂടിക്കാഴ്ചയിൽ പ്രാദേശിക വിഷയങ്ങൾക്ക് പുറമെ ഖത്തറും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ യുദ്ധാന്തരീക്ഷം മാറി സമാധാന ഉടമ്പടിയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img