09:51pm 11 November 2026
NEWS
അമേരിക്ക – ഇറാൻ സമാധാന കരാർ പ്രത്യാശയുടെ പുതുവെളിച്ചം.
18/06/2026  12:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അമേരിക്ക – ഇറാൻ സമാധാന കരാർ പ്രത്യാശയുടെ പുതുവെളിച്ചം

 

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സന്ദേശം.

യുദ്ധ സാഹചര്യത്തിന്  വിരാമമിട്ട് അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നുവെന്ന വാർത്തയെ പ്രത്യാശയോടെയാണ് കാണുന്നത്. യേശു ക്രിസ്തു ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് സമാധാനം. "എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു" (യോഹന്നാൻ 14:27) എന്ന ക്രിസ്തുവിന്റെ വചനം ഇന്നും ലോകജനതയെ വഴിനടത്തുന്ന ദൈവീക സന്ദേശമാണ്. യുദ്ധവും വൈരാഗ്യവും പ്രതികാരവും മനുഷ്യനെ വിഭജിക്കുമ്പോൾ, സമാധാനവും സ്നേഹവും ക്ഷമയും മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആയുധങ്ങളുടെ ശക്തിയേക്കാൾ സംഭാഷണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തി മഹത്തരമെന്ന് സമാധാന കരാർ ലോകത്തെ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്, "സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും" (മത്തായി 5:9) എന്നാണ്. ‌ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരാശിയെ പഠിപ്പിക്കുന്നതും ഈ വഴിയാണ്. യുദ്ധഭീതിയിലും അനിശ്ചിതത്വത്തിലും കഴിഞ്ഞിരുന്ന അനേകം കുടുംബങ്ങൾക്ക് സമാധാന കരാർ ആശ്വാസം പകരുമെന്ന് പ്രത്യാശിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾക്ക് ശമനമുണ്ടാകാൻ ഈ കരാർ പ്രചോദനമാകട്ടെ. നീതിയിലും സത്യത്തിലും മാനവികതയിലും അധിഷ്ഠിതമായ ശാശ്വത സമാധാനം ലോകത്തിൽ സ്ഥാപിക്കപ്പെടുവാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img