10:28pm 06 September 2026
NEWS
ഖാർഗ് ദ്വീപിന് സമീപം ഇറാൻ എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; നാല് മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്
05/09/2026  03:34 PM IST
nila
ഖാർഗ് ദ്വീപിന് സമീപം ഇറാൻ എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; നാല് മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം ഇറാൻ എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പലിൽ നാല് മിസൈലുകൾ പതിച്ചതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചതായും ആളപായമില്ലെന്നും ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇറാൻ അധികൃതരിൽനിന്നോ യുഎസ് സെൻട്രൽ കമാൻഡിൽനിന്നോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ സാധ്യത നേരത്തെ തന്നെ ചർച്ചയായിരുന്നു. ഓഗസ്റ്റ് 31ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖാർഗ് ദ്വീപ് തീപിടിച്ച് തകർന്ന നിലയിലുള്ളതായി ചിത്രീകരിക്കുന്ന എഐ നിർമിത വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അതേസമയം, ഖാർഗിനെതിരെ ആക്രമണമുണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ എണ്ണവ്യവസായത്തിൽ നിർണായക സ്ഥാനമാണ് ഖാർഗ് ദ്വീപിനുള്ളത്. ഒപെക് രാജ്യങ്ങളിൽ മൂന്നാമത്തെ വലിയ പെട്രോളിയം ഉത്പാദകരായ ഇറാന്റെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗവും യുദ്ധത്തിന് മുമ്പ് ഖാർഗ് ദ്വീപിലൂടെയായിരുന്നു നടന്നിരുന്നത്. ഇറാൻ ഉത്പാദിപ്പിച്ചിരുന്ന പെട്രോളിയത്തിന്റെ ഏകദേശം 90 ശതമാനം വരെ ഖാർഗിൽനിന്നാണ് കയറ്റുമതി ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ഇറാൻ എണ്ണമേഖലയ്ക്കെതിരെ യുഎസ് ഉപരോധം ശക്തമാക്കിയതോടെ ഏപ്രിൽ മധ്യത്തോടെ ഖാർഗ് മേഖലയിലെ എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും കുറവുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പുതിയ ആക്രമണ റിപ്പോർട്ട് പുറത്തുവന്നതോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img