03:24am 09 September 2026
NEWS
അമേരിക്ക - ഇറാൻ സമാധാന ചർച്ചയിൽ ധാരണയിലെത്തിയില്ല
12/04/2026  08:57 AM IST
nila
അമേരിക്ക - ഇറാൻ സമാധാന ചർച്ചയിൽ ധാരണയിലെത്തിയില്ല

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക–ഇറാൻ മാരത്തൺ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചു. ഏകദേശം 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം സമാധാന കരാറിൽ എത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ആണവായുധ വികസനം നിർത്തണമെന്നതുൾപ്പെടെ അമേരിക്കയുടെ  പ്രധാന നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ചർച്ചകൾ അലസിപ്പിരിയാൻ കാരണമായത്. കരാറിലെത്താതെ തന്നെ അമേരിക്കൻ പ്രതിനിധി സംഘം പാകിസ്താനിൽ നിന്ന് മടങ്ങുകയാണെന്നും വാൻസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചർച്ചകളുടെ മുഴുവൻ ഘട്ടങ്ങളിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള അമേരിക്കൻ ഭരണകൂടത്തോട് സ്ഥിരമായി ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ വിഷയമായിരുന്നു ചർച്ചയുടെ കേന്ദ്രബിന്ദുവെന്നും അതിൽ യാതൊരു പുരോഗതിയും കൈവരിക്കാനാകാത്തതാണ് അന്തിമഫലത്തെ ബാധിച്ചതെന്നും വാൻസ് കൂട്ടിച്ചേർത്തു.

'ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാർത്തയാണ്. ഇത് അമേരിക്കയെക്കാൾ ഇറാനാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്... ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല...ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു. അതാണ് നല്ല വാർത്ത. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാർത്ത' വാൻസ് പറഞ്ഞു.

അമേരിക്കയുമായുള്ള ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികളും സ്ഥികരിച്ചു. യുഎസിന്റെ 'അമിതമായ ആവശ്യങ്ങൾ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി' ഇറാൻ അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങൾ, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർത്തു. ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img