
ദോഹ:ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ വാക്കുകൾ ചില ശക്തികൾ മനഃപൂർവം വ്യതിചലിപ്പിച്ച് പ്രചരിപ്പിക്കുകയാണെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടുവെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.മേഖലയിൽ യുദ്ധവും അസ്ഥിരതയും തുടരാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങളാണ് ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിലെന്ന് ഖത്തർ വ്യക്തമാക്കി. നയതന്ത്ര നീക്കങ്ങളെ തടസ്സപ്പെടുത്താനും സംഘർഷം രൂക്ഷമാക്കാനും ലക്ഷ്യമിട്ട് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.ഇരു രാജ്യങ്ങളും (യു.എസ്-ഇറാൻ) ധാരണയിലെത്താനുള്ള ചർച്ചകൾ തുടർന്നു വരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ധാരണ കൈവരിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ അമേരിക്കയുമായും ഇറാനുമായും ചേർന്ന് ഇപ്പോഴും സജീവമായി പുരോഗമിക്കുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവന സ്ഥിരീകരിക്കുന്നു.










