11:38am 14 August 2026
NEWS
യുഎസ്-ഇറാൻ സംഘർഷം: ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ യൂറോപ്യൻ യൂണിയന്റെ കർശന മുന്നറിയിപ്പ്
15/07/2026  12:47 PM IST
nila
യുഎസ്-ഇറാൻ സംഘർഷം: ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ യൂറോപ്യൻ യൂണിയന്റെ കർശന മുന്നറിയിപ്പ്

 


​ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നിർദ്ദേശം നൽകി. മേഖലയിലെ പുതിയ യുദ്ധസാഹചര്യങ്ങൾ വിലയിരുത്തിയാണ് ശക്തമായ സുരക്ഷാ മുന്നറിയിപ്പുമായി ഇഎഎസ്എ രംഗത്തെത്തിയത്.  
​ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) എന്നീ രാജ്യങ്ങളുടെ വ്യോമപരിധിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും ഒഴിവാക്കാനാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ 'കോൺഫ്ലിക്റ്റ് സോൺ ഇൻഫർമേഷൻ ബുള്ളറ്റിനിൽ' ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിർദ്ദേശം ജൂലൈ 29 വരെ പ്രാബല്യത്തിലുണ്ടാകും.  
ഒരു വാരം മുൻപ് ഗൾഫ് രാജ്യങ്ങളുടെയും ജോർദാന്റെയും വ്യോമപാതയിലൂടെ സർവീസ് നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മാത്രമായിരുന്നു ഇഎഎസ്എ നിർദ്ദേശിച്ചിരുന്നത്. എന്നാൽ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായതോടെയാണ് വിമാനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിർദ്ദേശം ഏജൻസി പുറപ്പെടുവിച്ചത്.ഗൾഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏജൻസി ചൂണ്ടിക്കാണിക്കുന്നു. 
പ്രദേശത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങൾ (Air Defence Systems) യാത്രാവിമാനങ്ങളെ തെറ്റായി തിരിച്ചറിഞ്ഞ് വെടിവെച്ചിടാനുള്ള വലിയ സുരക്ഷാ ഭീഷണിയുണ്ടെന്നും ഇഎഎസ്എ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ ഖത്തർ വിജയകരമായി തടഞ്ഞിരുന്നു. ഖത്തർ വ്യോമപ്രതിരോധ സേന മിസൈലുകൾ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്ന് ദോഹയിലുടനീളം വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിലൂടെയുള്ള യാത്രാവിമാനങ്ങളുടെ സുരക്ഷ മുൻനിർത്തി കടുത്ത നടപടികളിലേക്ക് യൂറോപ്യൻ ഏവിയേഷൻ ഏജൻസി കടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img