താലിബാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിച്ച അഫ്ഗാനികളെ കോംഗോയിൽ തള്ളാൻ ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ: താലിബാൻ വിരുദ്ധ യുദ്ധകാലത്ത് അമേരിക്കയെ പിന്തുണച്ച അഫ്ഗാൻ പൗരന്മാരുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക്. നിലവിൽ ഖത്തറിൽ കഴിയുന്ന ഇവരെ അമേരിക്കയിൽ പുനരധിവസിപ്പിക്കുന്നതിനുപകരം ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തങ്ങളെ സഹായിച്ച അഫ്ഗാൻ പൗരന്മാരെ കോംഗോയിലേക്ക് മാറ്റാൻ അമേരിക്കൻ ഭരണകൂടം നീക്കം നടത്തുന്നു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഖത്തറിൽ കഴിയുന്നആയിരത്തിലേറെ പേരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. “കോംഗോ അല്ലെങ്കിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ” എന്ന രണ്ട് വഴികളിൽ ഒന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇവർക്കു മുന്നിൽ തുറന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിച്ചവരെ താലിബാൻ കണ്ടെത്തിയാൽ പ്രതികാര നടപടികൾ നേരിടേണ്ടിവരുമെന്ന ഭയം ഇവർക്കിടയിൽ ശക്തമാണ്.
2021-ൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയെ സഹായിച്ച ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യം വിട്ടു. യുഎസ് സൈന്യത്തിനൊപ്പം പ്രവർത്തിച്ച വിവർത്തകർ, മുൻ സൈനികർ, ഉദ്യോഗസ്ഥർ എന്നിവരാണ് പ്രധാനമായും രക്ഷപ്പെട്ടത്. ഇവരിൽ വലിയൊരു വിഭാഗത്തെ അമേരിക്ക ഇതിനകം തന്നെ പുനരധിവസിപ്പിച്ചെങ്കിലും, ഏകദേശം 1,100-ഓളം പേർ ഇപ്പോഴും ഖത്തറിലെ ക്യാമ്പിൽ കഴിയുകയാണ്. ഇവരിൽ 400-ത്തിലധികം കുട്ടികളുമുണ്ട്.
പശ്ചാത്തല പരിശോധനകൾ പൂർത്തിയാക്കിയാൽ അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കുമെന്നായിരുന്നു മുൻ വാഗ്ദാനം. എന്നാൽ അടുത്തിടെ അമേരിക്കയുടെ കുടിയേറ്റ നയങ്ങളിൽ വന്ന മാറ്റങ്ങൾ ഇവരുടെ ഭാവി അനിശ്ചിതമാക്കി. വാഷിംഗ്ടണിൽ നടന്ന ഒരു വെടിവെപ്പ് സംഭവത്തിന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികൾക്കായുള്ള പ്രത്യേക വിസ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ ഖത്തറിലെ ക്യാമ്പ് അടയ്ക്കാനുള്ള തീരുമാനം കൂടി എടുത്തു. എന്നാൽ അവിടെ കഴിയുന്നവരെ എവിടെ എത്തിക്കും എന്നത് വ്യക്തമാക്കിയിരുന്നില്ല.
ഇതോടെയാണ് കോംഗോയിലേക്ക് പുനരധിവാസം എന്ന ആശയം മുന്നോട്ട് വന്നത്. ഇതിനായി അമേരിക്ക വിവിധ ആഫ്രിക്കൻ രാജ്യങ്ങളുമായി ചർച്ച നടത്തിയെങ്കിലും പലരും പിന്നോട്ട് പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ-മാനുഷിക പ്രതിസന്ധികളിൽ ഒന്നാണ് കോംഗോയിൽ നിലനിൽക്കുന്നത്. ഇതിനകം തന്നെ ലക്ഷക്കണക്കിന് അഭയാർത്ഥികൾ അവിടെ കഴിയുന്നുണ്ട്. അതിനാൽ കൂടുതൽ ആളുകളെ സ്വീകരിക്കാൻ കോംഗോ തയ്യാറാകുമോ എന്നത് തന്നെ അനിശ്ചിതമാണ്. അഭയാർത്ഥി സംരക്ഷണത്തിനായി സാമ്പത്തിക സഹായം നൽകുന്ന കരാറുകൾ വഴി കോംഗോയെ സമ്മതിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും മുൻ നയതന്ത്രജ്ഞരും രംഗത്തെത്തി. അമേരിക്കയെ സഹായിച്ചവരെ സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളിലേക്ക് അയക്കുന്നത് “നൈതിക ഉത്തരവാദിത്തം ഉപേക്ഷിക്കുന്ന നടപടിയാണെന്ന്” അവർ ആരോപിക്കുന്നു. ഇപ്പോൾ ഖത്തറിൽ കഴിയുന്ന അഫ്ഗാനികൾക്ക് മുന്നിൽ വ്യക്തമായൊരു ഭാവി ഇല്ല. അമേരിക്കയുടെ വാഗ്ദാനങ്ങൾക്കും പുതിയ നയങ്ങൾക്കും ഇടയിൽ കുടുങ്ങിയ അവസ്ഥയിലാണ് അവർ.










