
അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിന് ആകെ നാണക്കേടായി ഒരു ബാഗ് മോഷണം. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗാണ് മോഷ്ടാവ് അടിച്ചുമാറ്റിയത്. ഞായറാഴ്ച വൈകിട്ട് വാഷിങ്ടൺ ഡിസിയിലെ ഡൗൺടൗൺ റെസ്റ്റോറൻ്റിൽ വെച്ചാണ് അമേരിക്കയുടെ സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ സുരക്ഷയൊരുക്കുന്ന വ്യക്തിയുടെ ബാഗ് കള്ളൻ എടുത്തുകൊണ്ട് പോയത്.
ക്രിസ്റ്റി നോമിൻ്റെ ഡ്രൈവിംഗ് ലൈസൻസ്, 3000 ഡോളർ പണം, പാസ്പോർട്ട്, വീടിന്റെ താക്കോൽ, ചെക്കുകൾ, ഡിഎച്ച്എസ് ആക്‌സസ് ബാഡ്ജ്, മേക്കപ്പ് ബാഗ് എന്നിവ അടങ്ങിയ ബാഗാണ് കള്ളൻ കൊണ്ടുപോയത്. മോഷ്ടാവ് ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ച വെള്ളക്കാരനായ ഒരാൾ ബാഗുമായി റെസ്റ്റോറൻ്റിന് പുറത്ത് പോകുന്നതിൻ്റെ ദൃശ്യങ്ങളാണ് സീക്രട് സർവീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചത്. അമേരിക്കയുടെ അതിർത്തി സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെയും ചുമതല ക്രിസ്റ്റി നോമിനാണ്.











