
അമേരിക്കയിൽ നാളെ ഒരു ലക്ഷം സർക്കാർ ജീവനക്കാർ രാജിവെക്കും. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരമാണ് വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഒരുലക്ഷം പേർ നാളെ ജോലി ഉപേക്ഷിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിയാണ് ഇതെന്നാണ് റിപ്പോർട്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് അമേരിക്കയിൽ സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിപ്രകാരം 2.75 ലക്ഷം പേരാണ് ആകെ രാജിവെക്കുക. തുടക്കത്തിൽ എട്ട് മാസത്തെ അവധിയിൽ വിടും. ഈ കാലയളവിൽ ശമ്പളം ലഭിക്കും. വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൺ ടോളറിന്റെ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന് ജൂലായിൽ പുറത്തുവിട്ട സെനറ്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത്രയും പേർ രാജിവെയ്ക്കുന്നതുവഴി പ്രതിവർഷം 28 ബില്യൺ ഡോളർ (2.5 ലക്ഷം കോടി രൂപ) സർക്കാരിന് ലാഭിക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
സർക്കാർ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ എതിർപക്ഷമായ ഡെമോക്രാറ്റുകൾ തയ്യാറാകാത്തത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഡെമോക്രാറ്റ് നേതാക്കളുമായി ട്രംപ് നിർണായക കൂടിക്കാഴ്ച തീരുമാനിച്ചതായാണ് വിവരം. ചർച്ച പരാജയപ്പെട്ടാൽ കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.











