
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖലയെ ബാധിക്കുന്ന യുഎസ് തീരുമാനത്തിനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. ടിസിഎസ്, ഇൻഫോസിസ് ഉൾപ്പെടെ എട്ട് പ്രമുഖ കമ്പനികളിലെ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച അമേരിക്കയുടെ നീക്കം ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്ക് ഗുണകരമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയും ഇന്ത്യയുടെ വിമർശനത്തിന് ഇടയാക്കി.
അടിമത്തത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും ചരിത്രം ഓർമിപ്പിക്കുന്ന ഇത്തരം പദപ്രയോഗങ്ങൾ അപമാനകരമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ വളർച്ചയിൽ തലമുറകളായി കുടിയേറിയ ഇന്ത്യക്കാർ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.
ടാറ്റ കൺസൽറ്റൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി, കോഗ്നിസന്റ് എന്നിവയുടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നടപടികളാണ് യുഎസ് മരവിപ്പിച്ചത്. വിദേശ ജീവനക്കാരുടെ നിയമനം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് നടപടി.
എച്ച്-1ബി വീസക്കാർക്ക് ആശങ്ക വേണ്ടേ?
നിലവിലുള്ള എച്ച്-1ബി വീസകളെ തീരുമാനം നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഗ്രീൻ കാർഡിനായി നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ജീവനക്കാർക്ക് തിരിച്ചടിയുണ്ടായേക്കാം. യുഎസിൽ സ്ഥിരതാമസത്തിനും ദീർഘകാല തൊഴിൽസാധ്യതകൾക്കും ഗ്രീൻ കാർഡ് നിർണായകമാണ്. നടപടികൾ വൈകുന്നത് വിദഗ്ധ ജീവനക്കാരെ ദീർഘകാലത്തേക്ക് കമ്പനികളിൽ നിലനിർത്താനുള്ള ശ്രമങ്ങളെയും ബാധിച്ചേക്കും.
അതേസമയം, എട്ട് കമ്പനികളെ മാത്രം ഉൾപ്പെടുത്തിയ നടപടിയുടെ യഥാർഥ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. വിദേശ ജീവനക്കാരെ വലിയ തോതിൽ നിയമിക്കുന്ന ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ പട്ടികയിൽ ഉൾപ്പെടാത്തതും ശ്രദ്ധേയമാണ്. ഏതെല്ലാം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കമ്പനികളെ തിരഞ്ഞെടുത്തതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ ഐടി മേഖലയ്ക്ക് നേട്ടമാകുമോ?
അമേരിക്കയിൽ വിദഗ്ധ ജീവനക്കാരെ ദീർഘകാലം നിലനിർത്തുന്നതിന് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടിവന്നാൽ ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതയുണ്ട്. രാജ്യത്തെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിലേക്ക് (ജിസിസി) കൂടുതൽ ജീവനക്കാരെ മാറ്റുന്നത് ഇതിന്റെ ഭാഗമായേക്കും.
ഇന്ത്യൻ ഐടി കമ്പനികൾ ഇതിനകം തന്നെ എച്ച്-1ബി വീസകളിലുള്ള ആശ്രിതത്വം കുറച്ചുവരുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ ഈ പ്രവണതയ്ക്ക് വേഗം കൂട്ടിയേക്കാം. വിദഗ്ധ തൊഴിലാളികൾ ഇന്ത്യയിൽ തുടരുന്നതും കൂടുതൽ സാങ്കേതിക പ്രവർത്തനങ്ങൾ രാജ്യത്തേക്ക് എത്തുന്നതും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ഐടി മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമേരിക്കയുടെ തുടർനടപടികൾ എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ യഥാർഥ പ്രത്യാഘാതം.










