
ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് അമേരിക്കയിലെ ഫെഡറൽ കോടതി. ട്രംപിന്റെ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നും മേരിലാൻഡ് കോടതി ജഡ്ജി ഡെബോറ ബോർഡ്മാൻ ചൂണ്ടിക്കാട്ടി. സിയാറ്റിലിലെ കോടതിയും നേരത്തേ ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് വിധി പുറപ്പെടുവിച്ചിരുന്നു.
മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ലെന്നായിരുന്നു ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ പുറപ്പെടുവിച്ച ഉച്ചരവ്. നിയമവിരുദ്ധമായി അമേരിക്കയിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്കു വരുന്നവരുടെയും മക്കൾ അമേരിക്കയുടെ ‘അധികാരപരിധിയിൽ’ വരില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.
ഫെബ്രുവരി 20 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങൾ നിയമനടപടി ആരംഭിച്ചിരുന്നു. ട്രംപിന്റെ ഉത്തരവ് താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും.











