02:52pm 11 September 2026
NEWS
കുവൈത്തിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നുവീണു
02/03/2026  12:22 PM IST
nila
കുവൈത്തിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നുവീണു

കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം ഇറാന്റെ ആക്രമണത്തിൽ തകർന്നതാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം, അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങളും രക്ഷപ്പെട്ട പൈലറ്റുമാരുടേതുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മിസൈൽ–ഡ്രോൺ ഭീഷണി: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് കുവൈത്തിലെ യുഎസ് എംബസി അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. വീടുകളിൽ തന്നെ തുടരാനും, താഴത്തെ നിലകളിൽ ജനലുകളിൽ നിന്ന് അകന്ന് സുരക്ഷിതമായി കഴിയാനും നിർദേശിച്ചിട്ടുണ്ട്. എംബസിയിലേക്ക് നേരിട്ട് എത്തരുതെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ നിർദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലേറ്റ് അഫയേഴ്‌സ് വിഭാഗം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്. എംബസി ജീവനക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും, അടിയന്തര സാഹചര്യമുണ്ടായാൽ വ്യക്തിഗത സുരക്ഷാ പദ്ധതികൾ വിലയിരുത്തണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ

മേഖലയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കയുമായി യാതൊരു ചർച്ചക്കും തയ്യാറല്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങളും അദ്ദേഹം തള്ളി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ നയങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിടുകയാണെന്ന് ലാരിജാനി കുറ്റപ്പെടുത്തി. അമേരിക്കൻ സൈനികരുടെ കൂടുതൽ ജീവഹാനിയെക്കുറിച്ച് ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യം ട്രംപ് ‘ഇസ്രായേൽ ആദ്യം’ എന്നതാക്കി മാറ്റിയെന്നും, ഇസ്രായേലിന്റെ അധികാരാഭിലാഷങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലിയർപ്പിക്കുകയാണെന്നും അലി ലാരിജാനി ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img