
യുഎസ് റഷ്യ ചൈന എന്നിവരുമായുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കുകാട്ടിയെന്ന് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. ഇന്ത്യയുടെ മേൽ ചുമത്തിയ തീരുവ പൂർണമായും നീക്കം ചെയ്ത് അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് വളരെ നിർണായക പങ്കുണ്ടെന്നും എഡ്വേഡ് പ്രൈസ് ചൂണ്ടിക്കാട്ടി. ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘21-ാം നൂറ്റാണ്ടിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്നത് ഇന്ത്യയാണ്. ചൈനയുമായും റഷ്യയുമായും ഏറ്റുമുട്ടുന്ന സമയത്ത് എന്തിനാണ് എന്തിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ചുമത്തിയതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ ഒഴിവാക്കണം. പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് അഭിപ്രായം. ഇന്ത്യയോട് മാപ്പ് പറയണം’’– എഡ്വേഡ് പ്രൈസ് കൂട്ടിച്ചേർത്തു.











