
ലണ്ടൻ: ഇറാന്റെ ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ സൈനിക താവളത്തിൽ വിന്യസിച്ചിരുന്ന വിമാനങ്ങൾ യുഎസ് പിൻവലിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച മിൽഡൻഹാൾ വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന യുഎസ് സൈനിക വിമാനങ്ങളാണ് ജർമനിയിലേക്ക് മാറ്റിയത്. ഇറാൻ–യുഎസ് സംഘർഷം അയവിലാകുന്നതായുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം.
വിമാനങ്ങൾ മാറ്റിയതിനു പിന്നിൽ വിവിധ കാരണങ്ങളുണ്ടെന്നാണ് യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇറാന്റെ ആക്രമണ ഭീഷണിയും സുരക്ഷാ ആശങ്കകളും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ബ്രിട്ടനിലെ സൈനിക താവളങ്ങളിൽനിന്ന് യുഎസ് വിമാനങ്ങൾ മാറ്റുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മാസവും സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇറാനുമായി ബന്ധമുള്ള സംഘത്തിന്റെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് റോയൽ എയർഫോഴ്സിന്റെ ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന അമേരിക്കൻ ബി-1 ബോംബർ വിമാനങ്ങളാണ് അന്ന് പിൻവലിച്ചത്. ബ്രിട്ടനിൽനിന്ന് നേരിട്ട് യുഎസിലെ സൈനിക കേന്ദ്രങ്ങളിലേക്കായിരുന്നു അന്ന് വിമാനങ്ങൾ തിരിച്ചയച്ചത്.
അമേരിക്ക സൈനിക നീക്കം തുടരുകയാണെങ്കിൽ തിരിച്ചടി പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ അമേരിക്കയെ ലക്ഷ്യമിടുമെന്ന ഭീഷണി നവംബർ ഏഴിനും ഇറാൻ ആവർത്തിച്ചിരുന്നു.
ഇതിനിടെ, അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന വിവരവും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങൾക്കിടയിലും മേഖലയിൽ സുരക്ഷാ ആശങ്കകൾ തുടരുന്നതിന്റെ സൂചനയായാണ് ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങളുടെ പിന്മാറ്റം വിലയിരുത്തപ്പെടുന്നത്.










