01:21pm 24 November 2026
NEWS
ഇറാനെതിരേ വീണ്ടും സാമ്പത്തിക ഉപരോധവുമായി അമേരിക്ക; 24ലധികം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിലക്ക്
24/11/2026  04:40 AM IST
nila
ഇറാനെതിരേ വീണ്ടും സാമ്പത്തിക ഉപരോധവുമായി അമേരിക്ക; 24ലധികം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിലക്ക്

 

ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കി അമേരിക്ക. 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' (Operation Economic Outcast) എന്ന പേരിലുള്ള നടപടിയുടെ ഭാഗമായി ഇറാന്റെ വിദേശ സാമ്പത്തിക ഇടപാടുകൾക്ക് സഹായിക്കുന്ന എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, വ്യാജ കമ്പനികൾ, പ്രധാന വ്യക്തികൾ എന്നിവരടക്കം 24ലധികം പേരെയും സ്ഥാപനങ്ങളെയും പുതിയ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. അടുത്ത വർഷം ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇറാന്റെ ആഗോളതലത്തിലുള്ള രഹസ്യ ബാങ്കിങ് ശൃംഖലകളെ തകർക്കുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. സമഗ്രമായ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇറാൻ ഭരണകൂടത്തിന് വിദേശ കറൻസി ലഭ്യമാക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളർ കൈമാറുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.

'പാപ്പരായ ഭരണകൂടത്തിന്റെ അവസാനത്തെ സാമ്പത്തിക ആശ്രയമാണ് ഇറാന്റെ രഹസ്യ ബാങ്കിങ് സംവിധാനം' എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രതികരിച്ചു. ഇത്തരം നിയമവിരുദ്ധ സാമ്പത്തിക ശൃംഖലകൾ പൂർണമായി തകർക്കുന്നതുവരെ ട്രഷറി നടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനങ്ങളുടെ മേൽ ഇറാന്റെ സെൻട്രൽ ബാങ്കിന് നിയന്ത്രണമുണ്ടെന്നും യുഎസ് വ്യക്തമാക്കി.

ഉപരോധം ഏർപ്പെടുത്തിയ സ്ഥാപനങ്ങളിൽ ഇറാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്ബർ ബസർഗാനി നെസിം ബഹറാൻ ഖേശം കമ്പനി (നെസിം ബഹറാൻ) ഉൾപ്പെടുന്നു. ഇറാനിലെ എക്സ്ചേഞ്ച് സ്ഥാപനങ്ങളുമായും അവയുടെ മറയിലുള്ള കമ്പനികളുമായും ചേർന്ന് പ്രവർത്തിച്ച് സർമായെ ബാങ്കിന്റെ ഇടപാടുകൾക്ക് ഈ സ്ഥാപനം സഹായിച്ചെന്നാണ് യുഎസ് ട്രഷറിയുടെ ആരോപണം. സർമായെ ബാങ്കിന്റെ ഇടപാടുകാരിൽ പ്രമുഖ ഇറാനിയൻ പെട്രോകെമിക്കൽ കമ്പനികളും ഉൾപ്പെടുന്നു.

മിന ഫഷ്കി ആൻഡ് പാർട്ണേഴ്സ് എക്സ്ചേഞ്ച് കമ്പനി (ഫഷ്കി എക്സ്ചേഞ്ച്), മെല്ലത്ത് എക്സ്ചേഞ്ച് കമ്പനി എന്നിവയ്ക്കും അവയുടെ ഉടമകൾക്കും ജീവനക്കാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയുടെ ഉപരോധ നടപടികൾ ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിക്കുകയും പണപ്പെരുപ്പം ഏകദേശം 90 ശതമാനമായി ഉയർത്തുകയും ചെയ്തെന്നാണ് ഈ മാസം ആദ്യം യുഎസ് അവകാശപ്പെട്ടത്.

അതേസമയം, ഒൻപത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇപ്പോഴും ഇറാനുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കരാറിലെത്താൻ ഇറാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്.

പുതുവർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനായില്ലെങ്കിൽ ഇറാനെതിരെ സൈനികാക്രമണം നടത്താൻ താൻ ആലോചിക്കുന്നുണ്ടെന്ന് ട്രംപ് ഫോക്സ് ന്യൂസിന്റെ ചീഫ് വിദേശകാര്യ ലേഖകനോട് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മധ്യപൂർവേഷ്യയെ അസ്ഥിരപ്പെടുത്തിയ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ തുടരുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ ഉപരോധം. യുദ്ധം കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ആഗോള ഊർജവില വർധിപ്പിക്കുകയും മേഖലയിലെ വിവിധ രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img