02:33am 29 October 2026
NEWS
അമേരിക്കയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തൊഴിൽ പ്രതിസന്ധി
30/10/2025  05:35 PM IST
nila
അമേരിക്കയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തൊഴിൽ പ്രതിസന്ധി

വാഷിംഗ്ടൺ: അമേരിക്കയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ ആശ്രിതരെയും കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ്) പുതിയ നയംമാറ്റമാണ് അമേരിക്കയിലെ വലിയൊരു വിഭാ​ഗം ഇന്ത്യക്കാരുടെ ഭാവി തുലാസിലാക്കുന്നത്. കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖയായ ഇഎഡി (Employment Authorisation Document)യുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ സൗകര്യം യുഎസ് ഡിഎച്ച്എസ് നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. 

പുതിയ നയം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പുതിയ നയം പ്രാബല്യത്തിലാകുന്നതോടെ 2025 ഒക്ടോബർ 30-നോ അതിന് ശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷിക്കുന്നവർക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ല. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനിയുള്ള പുതുക്കലുകൾക്ക് അംഗീകാരം ലഭിക്കൂ എന്നും ഡിഎച്ച്എസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

മുൻനയപ്രകാരം, ഇഎഡി പുതുക്കലിന് അപേക്ഷ നൽകിയവർക്ക് 540 ദിവസം വരെ ജോലിയിൽ തുടരാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് പുതുക്കലിന് അപ്രൂവൽ ലഭിക്കാതെ കാലാവധി തീർന്നാൽ തൊഴിലാളികൾ ഉടൻ ജോലി നിർത്തണം.
ഡിഎച്ച്എസ് മുന്നറിയിപ്പ് നൽകുന്നത്, ഇഎഡി കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് തന്നെ അപേക്ഷ സമർപ്പിക്കണം എന്നതാണ്. അപേക്ഷ വൈകിയാൽ തൊഴിൽ അംഗീകാരത്തിലും ഡോക്യുമെന്റേഷനിലും ഇടവേള ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ തിരിച്ചടി

പുതിയ നീക്കം ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനകം തന്നെ ഗ്രീൻ കാർഡ് അപേക്ഷകളുടെ ദീർഘനീളമുള്ള കാത്തിരിപ്പ് കാരണം ആയിരക്കണക്കിന് ഇന്ത്യക്കാരെ തൊഴിൽ പ്രതിസന്ധി അലട്ടുന്നുണ്ട്.
പ്രത്യേകിച്ച് താഴെപ്പറയുന്ന വിഭാഗങ്ങളാണ് ഇതിൽ പെടുന്നത്:

  • വർഷങ്ങളായി ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന H-1B വിസ ഉടമകൾ
  •  
  • ജോലിയിൽ തുടരാൻ വർക്ക് പെർമിറ്റുകൾ ആശ്രയിക്കുന്ന H-4 വിസാ ഉടമകൾ
  •  
  • STEM OPT എക്സ്റ്റൻഷനിലുള്ള വിദ്യാർഥികൾ
  •  
  • തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകർ


ഇഎഡി എന്താണ്?

അമേരിക്കയിൽ ജോലി ചെയ്യാനുള്ള താൽക്കാലിക നിയമാനുസൃത അനുമതിയാണ് ഇഎഡി. ഇത് ഒരു വ്യക്തിക്ക് നിശ്ചിത കാലയളവിൽ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്ന രേഖയായി പ്രവർത്തിക്കുന്നു. സ്ഥിര താമസക്കാർക്ക് (Green Card Holders) ഇത് ആവശ്യമില്ല. എന്നാൽ നോൺ-ഇമിഗ്രന്റ് സ്റ്റാറ്റസിലുള്ള (H-1B, H-4, OPT തുടങ്ങിയ) വ്യക്തികൾക്ക് ഇത് നിർബന്ധമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img