
ഇറാനിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം സൈനിക ഉപകരണങ്ങൾ ശത്രുക്കളുടെ കയ്യിൽപ്പെടാതിരിക്കാനായി അമേരിക്ക തന്നെ രണ്ടു വിമാനങ്ങൾ നശിപ്പിച്ചു. ഇറാൻ വെടിവെച്ചുവീഴ്ത്തിയ എഫ്–15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗമായ വെപ്പൺസ് സിസ്റ്റം ഓഫീസറെ രക്ഷിക്കുന്നതിനായുള്ള ദൗത്യത്തിനിടെയാണ് ഈ അസാധാരണ നടപടി ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ച രണ്ട് എംസി–130ജെ വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് സംഭവസ്ഥലത്ത് കുടുങ്ങുകയായിരുന്നു. ഇവ ഇറാനിയൻ സേനയുടെ കയ്യിൽ എത്താതിരിക്കാനായി അമേരിക്ക സ്ഫോടനത്തിലൂടെ തന്നെ നശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് മൂന്ന് മറ്റു വിമാനങ്ങൾ അയച്ച് രക്ഷാസേനയെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നു. ദൗത്യം പൂർത്തിയാക്കിയ സംഘം ഇറാനിൽ നിന്ന് കുവൈറ്റിലേക്ക് വിജയകരമായി മടങ്ങുകയും ചെയ്തു.
ഇതിനിടെ, യുദ്ധവിമാനം തങ്ങളാണ് വെടിവെച്ചുവീഴ്ത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്ഫഹാനിന്റെ തെക്കൻ മേഖലയിലാണ് ആക്രമണം നടത്തിയതെന്നാണ് അവരുടെ വിശദീകരണം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് തകർന്ന വിമാനത്തിന്റെ ചിത്രം പങ്കുവെച്ച് അമേരിക്കയെ പരിഹസിക്കുകയും ചെയ്തു.
മലയിടുക്കിൽ ഒളിച്ചിരുന്ന വെപ്പൺസ് സിസ്റ്റം ഓഫീസറുടെ കൃത്യമായ സ്ഥാനം ആദ്യം വ്യക്തമായിരുന്നില്ല. എന്നാൽ രഹസ്യ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിലൂടെ ലൊക്കേഷൻ കണ്ടെത്തിയതിനെ തുടർന്ന് സിഐഎ തന്ത്രപരമായ നീക്കം നടത്തി. വ്യാജവിവരങ്ങൾ പ്രചരിപ്പിച്ച് ഇറാനിയൻ ശ്രദ്ധ തിരിച്ചതിന് പിന്നാലെ യഥാർത്ഥ സ്ഥാനം പെന്റഗണിനും ബന്ധപ്പെട്ട സേനാവിഭാഗങ്ങൾക്കും കൈമാറി. ഇതുവഴിയാണ് രക്ഷാസംഘം കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിനിടെ ഇറാനിയൻ വെടിവെപ്പിൽ അമേരിക്കൻ ബ്ലാക്ക്ഹോക്ക് ഹെലികോപ്ടറിന് കേടുപാടുകൾ സംഭവിക്കുകയും ചില സൈനികർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.











