പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ(ദി റെസിസ്റ്റന്റ് ഫ്രണ്ട്) അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുടെ ഉപവിഭാഗമായ ടിആർഎഫ് പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ടിആർഎഫിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു.
ടിആർഎഫിനെ ഒരു വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് മാർക്കോ റൂബിയോ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ടിആർഎഫിനെ ആഗോള ആഗോള ഭീകര പട്ടികയിൽ ചേർത്തതായും മാർക്കോ റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 219, എക്സിക്യുട്ടീവ് ഓഡർ 13224 എന്നിവ പ്രകാരമാണ് ടിആർഎഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉൾപ്പെടുത്തിയത്. ഈ ഭേദഗതികൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
ലഷ്കറെ ത്വയ്ബ നടത്തിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമായാണ് യുഎസ് ഉദ്യോഗസ്ഥർ പഹൽഗാം ആക്രമണത്തെ വിശേഷിപ്പിച്ചത്. കശ്മീർ റെസിസ്റ്റൻസ് എന്ന പേരിലും അറിയപ്പെടുന്ന ടിആർഎഫ് നേരത്തേ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം സംഘടന തങ്ങളുടെ പ്രസ്താവന പിൻവലിക്കുകയും ആക്രമണത്തിൽ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു.











