
അനധികൃതമായി താമസിച്ചിരുന്ന 50 ഇന്ത്യക്കാരെ കൂടി അമേരിക്കയിൽ നിന്നും നാടുകടത്തി. ഹരിയാനയിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെയാണ് ഏറ്റവും പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ പലരും യുഎസിലെ തടങ്കൽ കേന്ദ്രങ്ങളിൽ ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് ഇന്ത്യയിലേക്കു മടക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ശനിയാഴ്ച രാത്രി ഡൽഹിയിൽ എത്തിയവരിൽ 25 മുതൽ 40 വയസ്സ് വരെയുള്ള പുരുഷന്മാരാണ് ഭൂരിപക്ഷവും. 25 മണിക്കൂറിലേറെ നീണ്ട വിമാനയാത്രയ്ക്കിടെ കാലിൽ ചങ്ങല ധരിക്കേണ്ടിവന്നതായി ചിലർ ആരോപിച്ചു. അനധികൃതമായി യുഎസിലെത്താൻ 35 മുതൽ 57 ലക്ഷം രൂപവരെ ഇടനിലക്കാരെ നൽകിയവരാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നിവിടങ്ങളിലെ സ്വദേശികളാണ് ഇവർ. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം തുടക്കത്തിലും യുഎസ് അധികാരികൾ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവാക്കളെ നാടുകടത്തിയിരുന്നു. ഡോണാൾഡ് ട്രംപ് അധികാരമേറ്റതോടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസിൽ കടുത്ത നടപടി തുടരുകയാണ്.











