
ബഹ്റൈനിലെ യുഎസ് സൈന്യത്തിന്റെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം ആക്രമിച്ച് തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതേസമയം, വെള്ളിയാഴ്ച ബഹ്റൈനെ ലക്ഷ്യമാക്കി എത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യവും അറിയിച്ചു. ആക്രമണത്തിൽ റഡാർ തകർന്നെന്ന ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു.
ബഹ്റൈൻ ദ്വീപിലെ യുഎസ് മുന്നറിയിപ്പ് റഡാർ തങ്ങളുടെ എയ്റോസ്പേസ് ഫോഴ്സ് തകർത്തതായാണ് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചത്. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിന്റെ തീരത്തുള്ള സിറിക്കിൽ യുഎസ് സൈന്യം ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് നടപടിയെന്നും ഇറാൻ വ്യക്തമാക്കി.
എന്നാൽ, ഇറാന്റെ അവകാശവാദം തള്ളിയ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (സെന്റ്കോം), ബഹ്റൈനെ ലക്ഷ്യമാക്കി ഐആർജിസി വിക്ഷേപിച്ച രണ്ട് ആക്രമണ ഡ്രോണുകൾ തടഞ്ഞതായി അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സെന്റ്കോം വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ പലതവണ ലക്ഷ്യമിട്ടിരുന്നു. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ ലോജിസ്റ്റിക്സ് കേന്ദ്രത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായതായും ഇതോടെ ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള താവളങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം അമേരിക്കൻ നാവികസേനയ്ക്ക് ഉണ്ടായതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ വേനൽക്കാലം മുതൽ ഗൾഫ് രാജ്യങ്ങൾക്ക് 150 കോടി ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ സഹായിച്ചതായി കഴിഞ്ഞ മാസം സെന്റ്കോം അവകാശപ്പെട്ടിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന കമാൻഡാണ് സെന്റ്കോം.
ഹോർമുസ് കടലിടുക്കിലെ അമേരിക്കയുടെ വ്യോമ പ്രകോപനങ്ങളും എണ്ണക്കടത്തും അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് പുതിയ ആക്രമണമെന്നും ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിനു പിന്നാലെ ഇറാന്റെ തിരിച്ചടിയുടെ പ്രധാന ആഘാതം ഏറ്റുവാങ്ങിയത് ഗൾഫ് രാജ്യങ്ങളാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ കേന്ദ്രങ്ങൾ, പ്രധാന കെട്ടിടങ്ങൾ, മേഖലയിലെ യുഎസ് സൈനിക ആസ്തികൾ എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും ചെയ്തു.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഓഗസ്റ്റിൽ ഇറാന്റെ വ്യാപാര-സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ച് രാജ്യത്തെ സാമ്പത്തികമായി തളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള 'സാമ്പത്തിക ശ്വാസംമുട്ടിക്കൽ' നീക്കവും പ്രഖ്യാപിച്ചു.
അതേസമയം, ഏറ്റവും ഒടുവിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണികളിൽ നിന്ന് വാഷിങ്ടൺ പിന്നോട്ടുപോകുന്നതായാണ് സൂചന. ഇറാനുമായുള്ള യുദ്ധത്തോടുള്ള അമേരിക്കൻ ജനതയുടെ അതൃപ്തിയും ഇതിന് ഒരു കാരണമായാണ് വിലയിരുത്തപ്പെടുന്നത്.










