
വാഷിങ്ടൺ ഡി.സി: വെനസ്വേലയെ ലക്ഷ്യമിട്ട് അമേരിക്ക ആദ്യമായി നേരിട്ടുള്ള ആക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോട്ടുകളിൽ ലഹരിമരുന്നുകൾ സംഭരിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന കേന്ദ്രമാണ് ആക്രമണത്തിൽ തകർത്തതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയും വെനസ്വേലയും തമ്മിലുള്ള സംഘർഷം ശക്തമായി തുടരുന്നതിനിടെയാണ് അമേരിക്കയുടെ സൈനികനടപടി.
വെനസ്വേലയിൽ ആക്രമണം നടത്തിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “ലഹരിവസ്തുക്കൾ ബോട്ടുകളിൽ കയറ്റുന്ന പ്രദേശത്ത് വലിയ സ്ഫോടനം ഉണ്ടായി. അവിടെയുള്ള എല്ലാ ബോട്ടുകൾക്കും ബോംബിട്ടു. മുഴുവൻ മേഖലയും ലക്ഷ്യമാക്കി ആക്രമണം നടന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, ആക്രമണം നടന്ന പ്രദേശമോ ഇത് ഏത് ഏജൻസിയാണ് നടത്തിയത് എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല. വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സിഐഎയ്ക്ക് നിർദേശം നൽകിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇതിനിടെ, വെനസ്വേലയെ ലക്ഷ്യമിട്ട് കരീബിയൻ കടലിൽ അമേരിക്കൻ നാവികസേന വൻ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ലഹരിമരുന്ന് കടത്ത് തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സൈനിക നടപടികളെയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.











