
ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിലെ തന്ത്രപ്രധാനമായ ഫോർഡൊ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ഇറാനിൽ ആക്രമണം നടത്തിയ വിവരം അമേരിക്കൻ പ്രസിഡന്റ് പുറത്തുവിട്ടത്.
ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ബോംബർ വിമാനങ്ങൾ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയിൽ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് വ്യക്തമാക്കി. യു.എസിനല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എത്രവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങൾ എത്രത്തോളമെന്നും വെളിവായിട്ടില്ല. ഫോർഡോയിൽ ആക്രമണം നടത്തണമെങ്കിൽ ശക്തിയേറിയ ബങ്കർ ബസ്റ്റർ ബോംബുകൾ ആവശ്യമാണ്. ഇതിനെ വഹിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.











