
ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണമാകുന്നു. ഇറാനെ ലക്ഷ്യമിട്ട് തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ തുടരുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പുതിയ സൈനിക നടപടി ആരംഭിച്ചതെന്ന് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനിക പ്രവർത്തനശേഷി തകർക്കുകയും വാണിജ്യ കപ്പലുകൾക്കും സാധാരണക്കാർക്കും നേരെയുള്ള ഭീഷണി ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് യുഎസ് വിശദീകരിച്ചു.
ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ആക്രമണം ശക്തമാക്കിയത്. ഹോർമുസിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് അടയ്ക്കണമെന്ന പ്രഖ്യാപനവും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നടത്തിയിട്ടുണ്ട്.
ഇതിനിടെ, മധ്യ ഇറാനിലെ സാഗ്രോസ് പർവതനിരകളുടെ അടിവാരത്തിലുള്ള പിക്കാക്സ് മൗണ്ടൻ ആണവകേന്ദ്രം ആക്രമിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഇറാൻ ഇതിനായി തയ്യാറാകണമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യുഎസ് സമയം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും ആക്രമണങ്ങൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, യുഎസ് നാവികസേനയുടെ ഒരു കപ്പലിനെതിരെ ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഐആർഐബിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്ത് ഇറാന്റെ മുങ്ങിക്കപ്പലിനും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിനുമെതിരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുഎസ് പുറത്തുവിട്ടു. ആദ്യമായി സീ-ഡ്രോണുകൾ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. മൂന്ന് കോർസൈർ സർഫസ് ഡ്രോണുകൾ ഉപയോഗിച്ച ആക്രമണം ഇറാന്റെ നാവികശേഷിക്ക് തിരിച്ചടിയായെന്നാണ് അമേരിക്കയുടെ അവകാശവാദം.
അനുമതിയില്ലാതെ കപ്പലുകൾ കടന്നുപോയെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതുവരെ കപ്പലുകൾക്ക് അനുമതി നൽകില്ലെന്ന നിലപാടും ഇറാൻ ആവർത്തിച്ചിട്ടുണ്ട്.










