
അബുജ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് യുഎസ് ആഫ്രിക്കൻ കമാൻഡ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ആക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രദേശത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ഭീകരർ നടത്തുന്ന അക്രമങ്ങൾക്കുള്ള മറുപടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിർദ്ദേശപ്രകാരം യു.എസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ആക്രമണങ്ങളെ അദ്ദേഹം “പെർഫെക്റ്റ് സ്‌ട്രൈക്കുകൾ” എന്നാണ് വിശേഷിപ്പിച്ചത്. ‘മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച കുറിപ്പിൽ ട്രംപ് എഴുതിയത്.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർഷങ്ങളായി തുടരുകയാണെന്നും, തീവ്രവാദത്തെ വളരാൻ അമേരിക്ക അനുവദിക്കില്ലെന്ന സന്ദേശമാണ് ഈ നടപടി നൽകുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിൽ യു.എസ് സേന നൈജീരിയയിൽ നടത്തുന്ന ആദ്യ സൈനിക നടപടികളാണിതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, നൈജീരിയൻ ഭരണകൂടത്തിന്റെ അഭ്യർഥനയെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് യു.എസ് ആഫ്രിക്ക കമാൻഡ് വ്യക്തമാക്കി.
പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് യു.എസ് സൈന്യത്തിന്റെ പ്രവർത്തനക്ഷമതയെ പ്രശംസിച്ച് രംഗത്തെത്തി. നൈജീരിയൻ സർക്കാരിന്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഐസിസ്, ബോക്കോ ഹറാം ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ ആക്രമണങ്ങൾ നൈജീരിയയിൽ വർഷങ്ങളായി തുടരുകയാണ്. അടുത്തകാലത്തും ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങളും ആളുകളെ തട്ടിക്കൊണ്ടുപോകലും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ ആയി യു.എസ് പ്രഖ്യാപിക്കുകയും, വിസ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, യു.എസ് വ്യോമാക്രമണങ്ങളോട് പ്രതികരിച്ച നൈജീരിയൻ സർക്കാർ, രാജ്യത്ത് ക്രിസ്ത്യാനികൾ മാത്രമല്ല പീഡിപ്പിക്കപ്പെടുന്നതെന്ന് വ്യക്തമാക്കി. സായുധ സംഘങ്ങൾ മുസ്ലിം–ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരുപോലെ ലക്ഷ്യമിടുന്നുണ്ടെന്നും, ഇത് മതപരമായതല്ല, മറിച്ച് സങ്കീർണ്ണമായ ഒരു സുരക്ഷാ പ്രശ്‌നമാണെന്നും സർക്കാർ വിശദീകരിച്ചു. ക്രിസ്മസ് ദിന സന്ദേശത്തിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ബോല ടിനുബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ ആക്രമണം നടന്നത്.











