01:08am 29 October 2026
NEWS
ആണവ ചർച്ചയുടെ ആദ്യഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇറാനെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തി അമേരിക്ക
07/02/2026  05:02 AM IST
nila
ആണവ ചർച്ചയുടെ ആദ്യഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇറാനെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ദുബായ്: ഇറാനെതിരായ എണ്ണ ഉപരോധം ശക്തമാക്കി അമേരിക്ക. ഇറാന്റെ നിയമവിരുദ്ധമായ എണ്ണയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി കുറയ്ക്കുന്നതിൽ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയിൽ മസ്കറ്റിൽ നടന്ന യുഎസ്–ഇറാൻ ആണവ ചർച്ചയുടെ ആദ്യഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഇറാനുമേൽ എണ്ണ ഉപരോധം ഏർപ്പെടുത്തിയത്.

ഇറാനിയൻ എണ്ണ കടത്തുന്നതുമായി ബന്ധപ്പെട്ട 14 കപ്പലുകളുമായുള്ള ഇടപാടുകൾ തടയുമെന്നും, ഇതിൽ തുർക്കി, ഇന്ത്യ, യുഎഇ എന്നീ രാജ്യങ്ങളുടെ പതാകയുള്ള കപ്പലുകൾ ഉൾപ്പെടുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. ഇതിന് പുറമെ 15 സ്ഥാപനങ്ങൾക്കും രണ്ട് വ്യക്തികൾക്കുമെതിരെയും ഉപരോധ നടപടികൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നറും പങ്കെടുത്തു. യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറും ചർച്ചയ്ക്കായി മസ്കറ്റിലെത്തിയത് ശ്രദ്ധേയമായി. മുൻ ചർച്ചകളിൽ സൈനിക നേതൃത്വത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാമെന്ന യുഎസിന്റെ മുന്നറിയിപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന വിലയിരുത്തലും ഉയരുന്നു. അതേസമയം, ചർച്ചയെ “വളരെ നല്ല തുടക്കം” എന്നാണ് ഇറാൻ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. ചർച്ച തുടരുമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസെയ്ദിയും അറിയിച്ചു. ഭാവിയിലെ തുടർചർച്ചകൾക്ക് സാഹചര്യമൊരുക്കുകയാണ് നിലവിലെ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത ഘട്ട ചർച്ചയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img