
24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യാപക ആക്രമണങ്ങൾക്ക് അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ പ്രഹരമാണ് ഇസ്രയേലും അമേരിക്കയും ലക്ഷ്യം വെക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ ചില മേഖലകളിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വരാനിരിക്കുന്ന ഘട്ടങ്ങളിൽ ആക്രമണങ്ങളുടെ തീവ്രത ഇനിയും ഉയരുമെന്ന സൂചനയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നൽകിയത്. ഇറാനെ പ്രതിരോധത്തിലാക്കാൻ സൈനിക നടപടികൾ ഫലപ്രദമാകുമെങ്കിലും, കരസേന വിന്യാസം നിലവിൽ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമാക്രമണങ്ങളും ദീർഘദൂര മിസൈൽ പ്രയോഗങ്ങളുമാണ് അമേരിക്കയുടെ മുഖ്യ തന്ത്രം.
മേഖലയിലെ യുഎസ് പൗരന്മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. ഇതിനിടെ ഇറാൻ വിക്ഷേപിച്ച മിസൈലുകൾ തങ്ങളുടെ വ്യോമപരിധിയിൽ എത്തിയതായി ഇസ്രായേലും യുഎഇയും സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ഇറാനിലും തെക്കൻ ലെബനനിലും ഇസ്രായേൽ പുതിയ ഘട്ട വ്യോമാക്രമണങ്ങൾ ആരംഭിച്ചു.
ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കങ്ങളിൽ 1,500-ലധികം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. രണ്ട് കുവൈത്ത് സൈനികരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.











