03:57pm 28 October 2026
NEWS
ഇറാനിൽ രാത്രി ആക്രമണം തുടരുന്നു; മരണസംഖ്യ ഉയരും
15/03/2026  07:41 AM IST
nila
ഇറാനിൽ രാത്രി ആക്രമണം തുടരുന്നു; മരണസംഖ്യ ഉയരും

ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും രാത്രി ആക്രമണം തുടരുന്നു. ഇസ്ഫഹാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇസ്രയേൽ സൈനിക നടപടികളിൽ ലെബനനിൽ മരിച്ചവരുടെ എണ്ണം 826 ആയി ഉയർന്നു.

മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന് ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കുന്നതാണ് സമാധാനത്തിന് വഴിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ അൽ ഖർജ് മേഖലയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ചാൽ വീടുകൾക്ക് പുറത്തേക്ക് ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ജോർദാൻ സ്വദേശിക്ക് പരിക്കേറ്റു. ആക്രമണം സുരക്ഷാസേന തടഞ്ഞതായി അധികൃതർ അറിയിച്ചു.

അതേസമയം ഇറാഖിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് തുറന്നുനിർത്താൻ മറ്റ് രാജ്യങ്ങളും ഇടപെടണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. ഇറാനെതിരായ സൈനിക നടപടികൾ ഏപ്രിൽ വരെ തുടരുമെന്ന സൂചനയും ഇസ്രയേൽ സൈനിക മേധാവി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img