
ദോഹ: വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അറബ് ഭൂപ്രദേശങ്ങളിൽ ഇസ്രായേലിന് നിയന്ത്രണം ഏർപ്പെടുത്താമെന്ന ഇസ്രായേലിലെ അമേരിക്കൻ സ്ഥാനപതിയുടെ പ്രസ്താവനക്കെതിരെ അറബ്-ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി 14 രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിൽ (GCC), അറബ് ലീഗ് (LAS), ഒ.ഐ.സി (OIC) എന്നീ പ്രമുഖ സംഘടനകളും ഈ പ്രസ്താവനയെ സംയുക്തമായി അപലപിച്ചു.അമേരിക്കൻ സ്ഥാനപതിയുടെ വാക്കുകൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഇത് മേഖലയിലെ സുരക്ഷയെയും സമാധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും
ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി, സിറിയ, ഫലസ്തീൻ, കുവൈറ്റ്, ലെബനൻ, ഒമാൻഎന്നീ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.ഗസ്സ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതികൾക്ക് വിരുദ്ധമാണ് സ്ഥാനപതിയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി.അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലോ മറ്റ് അറബ് ഭൂമിയിലോ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ല. വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനോ ഗസ്സയിൽ നിന്ന് വേർപെടുത്താനോ ഉള്ള നീക്കങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് രാജ്യങ്ങൾ ആവർത്തിച്ചു.1967 ജൂൺ 4-ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ രാജ്യങ്ങൾ പിന്തുണച്ചു. ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും ഇസ്രായേലിന്റെ വിപുലീകരണ നയങ്ങൾ മേഖലയിൽ അക്രമം വർദ്ധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.











